വാതുവയ്പ്പ് വിവാദം വീണ്ടും; ഉമര്‍ അക്മലിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് മുന്‍ പാക് താരം 

നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ വാതുവെയ്പുകാര്‍ തന്നെ സമീപിച്ചതായി പാക് താരം ഉമര്‍ അക്മല്‍ വെളിപ്പെടുത്തി
വാതുവയ്പ്പ് വിവാദം വീണ്ടും; ഉമര്‍ അക്മലിനെ ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് മുന്‍ പാക് താരം 

ടൊറാന്റോ: ക്രിക്കറ്റില്‍ വീണ്ടും വാതുവയ്പ്പ് വിവാദം. നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ വാതുവെയ്പുകാര്‍ തന്നെ സമീപിച്ചതായി പാക് താരം ഉമര്‍ അക്മല്‍ വെളിപ്പെടുത്തി. മത്സരങ്ങള്‍ ഒത്തുകളിക്കാന്‍ മുന്‍ പാകിസ്ഥാന്‍ ടെസ്റ്റ് താരം മന്‍സൂര്‍ അക്തര്‍ ഉമര്‍ അക്മലിനെ ബന്ധപ്പെട്ടെന്നാണ് വിവരം. സംഭവം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ഗ്ലോബല്‍ ടി20 സംഘാടകരെയും ഉമര്‍ അക്മല്‍ അറിയിച്ചു.

വാതുവെയ്പ്പുകാര്‍ കളിക്കാരെ സമീപിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ അഴിമതി വിരുദ്ധ സമിതി രൂപീകരിച്ച് സംഘാടകര്‍ അന്വേഷണം തുടങ്ങി. ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ ഇക്കാര്യം അധികൃതരെ ഉടനടി അറിയിക്കാന്‍ കളിക്കാര്‍ക്കെല്ലാം സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മസൂര്‍ അക്തര്‍ നിലവില്‍ ഗ്ലോബല്‍ ട20 ലീഗ് ടീം, വിന്നിപെഗ് ഹൊക്ക്‌സിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. പാക് മധ്യനിര ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ കളിക്കുന്നതും വിന്നിപെഗ് ഹൊക്ക്‌സിനു തന്നെ. മസൂര്‍ അക്തറിന് പുറമെ ക്രിഷ് എന്ന് പേരുള്ള ഇന്ത്യന്‍ പൗരനും വാതുവെയ്പ്പുകാര്‍ക്കായി കളിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് വിവരം.

1980 മുതല്‍ 1990 വരെയാണ് മസൂര്‍ അക്തര്‍ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്. 19 ടെസ്റ്റ് മത്സരങ്ങളിലും 41 ഏകദിന മത്സരങ്ങളിലും അക്തര്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

ഉമര്‍ അക്മല്‍ അറിയിച്ച കാര്യത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാനഡയാണ് ഗ്ലോബല്‍ ടി20 സംഘാടകരെന്ന് ഇക്കാര്യത്തില്‍ നടപടികളെടുക്കേണ്ടത് അവരാണെന്നും പാക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com