വിമര്‍ശകരുടെ വായടപ്പിക്കുക മാത്രമല്ല, ധോനിയുടെ റെക്കോര്‍ഡുകളിലൊന്ന് മറികടന്നിട്ടുമുണ്ട് പന്ത്‌

ട്വന്റി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരില്‍ ധോനി കയ്യടക്കിവെച്ചിരുന്ന റെക്കോര്‍ഡ് സ്വന്തമാക്കി റിഷഭ് പന്ത്
വിമര്‍ശകരുടെ വായടപ്പിക്കുക മാത്രമല്ല, ധോനിയുടെ റെക്കോര്‍ഡുകളിലൊന്ന് മറികടന്നിട്ടുമുണ്ട് പന്ത്‌

ട്വന്റി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരില്‍ ധോനി കയ്യടക്കിവെച്ചിരുന്ന റെക്കോര്‍ഡ് സ്വന്തമാക്കി റിഷഭ് പന്ത്. വിന്‍ഡിസിനെതിരായ മൂന്നാം ട്വന്റി20യില്‍ 65 റണ്‍സ് നേടിയാണ് ട്വന്റി20യിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പന്ത് തിരുത്തി എഴുതിയത്. 

2017ല്‍ ഇംഗ്ലണ്ടിനെതിരെ ധോനി നേടിയ 56 റണ്‍സായിരുന്നു ഇതുവരെയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കുട്ടിക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ ധോനി നേടിയ 52 റണ്‍സാണ് രണ്ടാം സ്ഥാനത്ത്. ധോനിയുടെ അഭാവത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ച പന്ത് വിന്‍ഡിസിനെതിരായ അവസാന ട്വന്റി20യില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ് ലിക്കൊപ്പം ചേര്‍ന്ന് തീര്‍ത്തത്. 

ആദ്യ രണ്ട് ട്വന്റി20യിലും പന്തിന് അലക്ഷ്യമായി വിക്കറ്റ് കളഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ കളിയില്‍ പൂജ്യത്തിനും രണ്ടാമത്തേതില്‍ നാല് റണ്‍സിനുമാണ് പന്ത് പുറത്തായത്.  
ലോകകപ്പ് സെമി ഫൈനലിലും സമാനമായ രീതിയില്‍ പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത് മനസില്‍ വെച്ച് ക്ഷമ പരീക്ഷിക്കരുതെന്ന് പന്തിന് ആരാധകര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. 

എന്നാല്‍, അവസാന ട്വന്റി20യില്‍ ക്രീസില്‍ നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കി പന്തിനെ കോഹ് ലി നയിക്കുകയായിരുന്നു. ക്രീസില്‍ വെച്ച് പന്തിന് കോഹ് ലി നിരന്തരം നിര്‍ദേശം നല്‍കുന്നതും വ്യക്തമായിരുന്നു. ആക്രമണവും, കരുതലും ഒപ്പം ചേര്‍ത്തായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. നാല് ഫോറും നാല് സിക്‌സുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com