ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ഇനി ഉത്തേജക മരുന്ന് പരിശോധന; നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ദേശീയ ഉത്തജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ കീഴില്‍ വരും
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ഇനി ഉത്തേജക മരുന്ന് പരിശോധന; നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ

 
 
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ദേശീയ ഉത്തജക വിരുദ്ധ ഏജന്‍സി (നാഡ)യുടെ കീഴില്‍ വരും. ഇതു സബന്ധിച്ച് ബിസിസിഐ കായിക മന്ത്രാലയത്തിന് രേഖാമൂലം ഉറപ്പ് നല്‍കി. കേന്ദ്ര കായിക സെക്രട്ടറി രാധേശ്യാം ജുലാനിയയും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയും ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ നാഡയുമായി സഹകരിക്കാമെന്ന നിബന്ധനയില്‍ ഒപ്പിട്ടത്. 

ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് നാഡയുമായി സഹകരിക്കാനും കരാര്‍ ഒപ്പിടാനും നേരത്തെ ബിസിസിഐ വിസമ്മതമറിയിച്ചിരുന്നു. സ്വയം ഭരണ സ്ഥാപനമെന്ന നിലയിലായിരുന്നു ബിസിസിഐ നടപടി. ബിസിസിഐ ഒരു ദേശീയ കായിക ഫെഡറേഷനല്ലെന്നും സര്‍ക്കാര്‍ ധനസഹായത്തെ ആശ്രയിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നാഡയുടെ പരിശോധനക്ക് ക്രിക്കറ്റ് താരങ്ങളെ വിധേയരാക്കാന്‍ ബിസിസിഐ വിസമ്മതിച്ചത്. 

രാജ്യത്തെ മറ്റ് കായിക സംഘടനകള്‍ പോലെ തന്നെ ബിസിസിഐയും നാഡയുടെ പരിധിയില്‍ ഇനിമുതല്‍ വരുമെന്ന് ജുലാനിയ വ്യക്തമാക്കി. നാഡയുടെ ഉത്തേജക പരിശോധനാ നയം പാലിക്കുമെന്ന് ബിസിസിഐ രേഖാമൂലം ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ എല്ലാ ക്രിക്കറ്റ് താരങ്ങളും നാഡയുടെ പരിശോധനകള്‍ക്ക് വിധേയരാകും. ഉത്തേജക പരിശോധനാ കിറ്റുകളുടെ ഗുണനിലവാരം, പരിശോധന നടത്തുന്നവരുടെ മികവ്, സാമ്പിള്‍ ശേഖരണം എന്നിവ സംബന്ധിച്ച് ബിസിസിഐ സംശയങ്ങളുന്നയിച്ചിരുന്നു. പരിശോധനയ്ക്ക് അവര്‍ ആവശ്യപ്പെടുന്ന എന്ത് സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് അറിയിച്ചു. നാഡയുമായി സഹകരിക്കില്ലെന്ന് പറയാനുള്ള വിവേചനാധികാരം ബിസിസിഐക്കില്ലെന്നും നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജുലാനിയ കൂട്ടിച്ചേര്‍ത്തു. 

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ കോഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒപ്പിട്ടിട്ടുണ്ട്. ബിസിസിഐയും നാഡയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളും ഐസിസി നടത്തിയിരുന്നു. വിഷയം മുഴുവന്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിസിസിഐയും നാഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വാഡ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഐസിസി വിഷയത്തില്‍ ഇടപെട്ടത്. 

നേരത്തെ ഇന്ത്യന്‍ യുവ താരം പ്രിഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തിന് എട്ട് മാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയും നാഡയും തമ്മിലുള്ള വിഷയങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായത്. 

എട്ട് മാസം വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടി വിവാദവുമായിരുന്നു. മുന്‍ താരങ്ങളില്‍ പലരും പ്രിഥ്വിക്ക് നല്‍കിയ ശിക്ഷ കൂടിപ്പോയതായി ചൂണ്ടിക്കാട്ടി. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എട്ട് മാസത്തോളം വിട്ടുനില്‍ക്കുന്നത് വളര്‍ന്ന് വരുന്ന യുവ താരത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നും താരത്തിന്റെ കരിയറിനെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. യുവ താരങ്ങള്‍ അവര്‍ കഴിക്കുന്ന മരുന്നുകളെ പറ്റി ബോധവാന്‍മാരായി എന്നുണ്ടാവില്ല. അങ്ങനെ സംഭവിച്ചു പോയൊരു തെറ്റിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിലക്കടക്കമുള്ള നടപടിയെടുക്കേണ്ടതില്ലെന്നും മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com