'എന്തൊരു കളിക്കാരനാണ്', തന്നെ മറികടന്ന കോഹ് ലിയെ നോക്കി ഗാംഗുലി പറയുന്നു

ഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍ സമ്പാദ്യമായ 11,363 റണ്‍സ് 238 ഇന്നിങ്‌സ് മാത്രമെടുത്താണ് കോഹ് ലി മറികടന്നത്
'എന്തൊരു കളിക്കാരനാണ്', തന്നെ മറികടന്ന കോഹ് ലിയെ നോക്കി ഗാംഗുലി പറയുന്നു

സെഞ്ചുറിയിലേക്കെത്താന്‍ എത്രമാത്രം കോഹ് ലി ആഗ്രഹിച്ചിരുന്നു എന്നത് വിന്‍ഡിസിനെതിരായ രണ്ടാം ഏകദിനത്തില്‍ വ്യക്തമായിരുന്നു. 125 പന്തില്‍ നിന്ന് 120 റണ്‍സ് നേടി 42ാം ഏകദിന സെഞ്ചുറിയിലേക്ക് എത്തിയ കോഹ് ലി, ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയേയും മറികടന്നു. തന്റെ ഏകദിനത്തിലെ റണ്‍ സമ്പാദ്യം കോഹ് ലി മറകടന്നപ്പോള്‍ ഗാംഗുലി പറഞ്ഞുപോയി, എന്തൊരു കളിക്കാരനാണ്....

ഏകദിന ക്രിക്കറ്റില്‍ മറ്റൊരു മാസ്റ്റര്‍ ക്ലാസ് കൂടി, എന്തൊരു കളിക്കാരനാണ്, എന്നാണ് കോഹ് ലി സെഞ്ചുറിയിലേക്ക് എത്തിയതിന് പിന്നാലെ ഗാംഗുലി ട്വീറ്റ് ചെയ്തത്. ഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍ സമ്പാദ്യമായ 11,363 റണ്‍സ് 238 ഇന്നിങ്‌സ് മാത്രമെടുത്താണ് കോഹ് ലി മറികടന്നത്. 59.91 ബാറ്റിങ് ശരാശരിയില്‍ 11,406 റണ്‍സിലേക്കാണ് ഏകദിനത്തില്‍ കോഹ് ലി എത്തി നില്‍ക്കുന്നത്. 

വിന്‍ഡിസിനെതിരെ 2000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കോഹ് ലിയെ തേടിയെത്തി. ജാവേദ് മിയാന്‍ദാദ് 26 വര്‍ഷം മുന്‍പ് നേടിയ 1930 റണ്‍സായിരുന്നു വിന്‍ഡിസിനെതിരെയുള്ള ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സമ്പാദ്യം. വിന്‍ഡിസിനെതിരെ ഇപ്പോള്‍ കോഹ് ലിയുടെ അക്കൗണ്ടില്‍ എട്ട് സെഞ്ചുറികളുണ്ട്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരേയും കോഹ് ലി എട്ട് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 

ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന നേട്ടം ഇപ്പോള്‍ സച്ചിന്റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 സെഞ്ചുറിയാണ് സച്ചിന്റെ പേരിലുള്ളത്. ലങ്കയ്‌ക്കെതിരെ സച്ചിനും എട്ട് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കോഹ് ലിയും, സച്ചിനുമല്ലാതെ ഒരു എതിരാളിക്കെതിരെ ഏഴില്‍ അധികം സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com