വിന്‍ഡീസിനെ എറിഞ്ഞിട്ടു; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ബാറ്റിങ്ങില്‍ കോലിയുടേയും ബോളിങ്ങില്‍ ഭുവനേശ്വര്‍കുമാറിന്റേയും മികവിലാണ് ഇന്ത്യയുടെ വിജയം
വിന്‍ഡീസിനെ എറിഞ്ഞിട്ടു; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 59 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം നേടിയത്. 46 ഓവറില്‍ 270 റണ്‍സായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്ന വിന്റീസ് 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 

ബാറ്റിങ്ങില്‍ കോലിയുടേയും ബോളിങ്ങില്‍ ഭുവനേശ്വര്‍കുമാറിന്റേയും മികവിലാണ് ഇന്ത്യയുടെ വിജയം. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ആതിഥേയരെ 125 പന്തില്‍ 120 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മികച്ച സ്‌കോറിലെത്തിച്ചത്. തുടര്‍ന്ന് മഴ തടസപ്പെടുത്തിയതോടെയാണ് വിജയലക്ഷ്യം 270 റണ്‍സായി കുറച്ചത്. 

മറുപടി ബാറ്റിംഗില്‍ വിന്റീസ് നിരയില്‍ ഇവിന്‍ ലൂയിസ് മാത്രമാണ് തിളങ്ങിയത്. 80 പന്തില്‍ 65 റണ്‍സായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം. 34ാം ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലായിരുന്നു വിന്റീസ്. എന്നാല്‍ 37ാം ഓവറില്‍ 182 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി. ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കരിയറില്‍ 42ാമത്തെ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com