ഫുട്‌ബോള്‍ ലോകം മറക്കാത്ത ഹെഡ്ഡര്‍ ഗോള്‍; പക്ഷേ ആ മനുഷ്യന്‍ അതെല്ലാം എന്നോ മറന്നു; 'ടാറ്റ ബ്രൗണ്‍' യാത്രയായി

1986ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയ പ്രതിരോധ താരം ജോസ് ലൂയീസ് ബ്രൗണ്‍ (62) അന്തരിച്ചു
ഫുട്‌ബോള്‍ ലോകം മറക്കാത്ത ഹെഡ്ഡര്‍ ഗോള്‍; പക്ഷേ ആ മനുഷ്യന്‍ അതെല്ലാം എന്നോ മറന്നു; 'ടാറ്റ ബ്രൗണ്‍' യാത്രയായി

ബ്യൂണസ് അയേഴ്‌സ്: 1986ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയ പ്രതിരോധ താരം ജോസ് ലൂയീസ് ബ്രൗണ്‍ (62) അന്തരിച്ചു. കൂട്ടുകാര്‍ 'ടാറ്റ ബ്രൗണ്‍' എന്നു വിളിച്ചിരുന്ന അദ്ദേഹം ഏറെക്കാലമായി മറവി രോഗത്തിന് അടിപ്പെട്ടു കഴിയുകയായിരുന്നു. മുന്‍ ക്ലബായ എസ്റ്റുഡിയന്റസ് ഡെ ലാ പ്ലാറ്റയാണ് വാര്‍ത്താക്കുറിപ്പില്‍ ലൂയീസ് ബ്രൗണിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. 

മെക്‌സിക്കോയിലെ ആസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ നടന്ന 1986ലെ ലോകകപ്പ് ഫൈനലിന്റെ 23ാം മിനുട്ടിലായിരുന്നു അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ച ബ്രൗണിന്റെ ഗോള്‍. 3-2 എന്ന സ്‌കോറിന് ജയിച്ച് ഡീഗോ മറഡോണയുടെ അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയ ഫൈനലില്‍ വാഡാനോയും ബറുഷാഗയുമാണ് അര്‍ജന്റീനയുടെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഒരു ഫ്രീ കിക്ക് ഹെഡ്ഡ് ചെയ്തിട്ടാണ് ബ്രൗണ്‍ ജര്‍മനിയെ ഞെട്ടിച്ച ഗോള്‍ നേടിയത്. 

ഡീഗോ മറഡോണയെ മാര്‍ക്ക് ചെയ്ത് രണ്ട് ജര്‍മന്‍ പ്രതിരോധക്കാരെയും ഗോളി ഷൂമാക്കറേയും പരാജയപ്പെടുത്തിയായിരുന്നു ബോക്‌സിന്റെ വലതു ഭാഗത്ത് നിന്നുള്ള ബ്രൗണിന്റെ ഹെഡ്ഡര്‍ ഗോള്‍. അന്താരാഷ്ട്ര കരിയറില്‍ ബ്രൗണ്‍ നേടിയ ഏക ഗോളും ഇതു തന്നെ എന്ന പ്രത്യേകതയും ഈ ഗോളിനുണ്ട്. 

ബ്രൗണ്‍ ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ ലോകകപ്പ് നേടുമായിരുന്നില്ലെന്നാണ് അന്ന് ടീമിനെ നയിച്ച ഇതിഹാസ താരം ഡീഗോ മറഡോണ പ്രതികരിച്ചത്. 

സെന്റര്‍ ബാക്കായിരുന്ന ബ്രൗണ്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 36 മത്സരങ്ങളാണ് കളിച്ചത്. 1983ലാണ് അര്‍ജന്റീനയ്ക്കായി അരങ്ങേറിയത്. മൂന്ന് കോപ്പ അമേരിക്ക പോരാട്ടത്തില്‍ കളിച്ചെങ്കിലും 1986ലെ ലോകകപ്പ് ടീമിലേക്ക് കോച്ച് കാര്‍ലോസ് ബിലാര്‍ഡോ അവസാന നിമിഷമാണ് ബ്രൗണിനെ വിളിച്ചത്. ഡാനിയല്‍ പാസ്സറെല്ലയുടെ പകരക്കാരനായാണ് ബ്രൗണ്‍ പ്രതിരോധ നിരയില്‍ ഇടം നേടിയത്. 

ആ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ബ്രൗണായിരുന്നു അര്‍ജന്റീനയുടെ പ്രതിരോധം കാത്തത്. ഫൈനലിന്റെ അവസാന നിമിഷം തോളിന് പരിക്കേറ്റെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. 

14 വര്‍ഷം പ്രൊഫഷണല്‍ രംഗത്ത് സജീവമായിരുന്നു ബ്രൗണ്‍. എസ്റ്റുഡിയാന്റസിന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം കളിച്ചത്. 291 മത്സരങ്ങള്‍. അവര്‍ക്ക് വേണ്ടി രണ്ട് കിരീടങ്ങളും അദ്ദേഹം നേടി. ബൊക്ക ജൂനിയേഴ്‌സ്, ഡിപോര്‍ട്ടീവോ, ടീമുകളിലും കളിച്ച അദ്ദേഹം റേസിങിനായാണ് അവസാനം കളത്തിലിറങ്ങിയത്. 

കളി നിര്‍ത്തിയ ശേഷം കുറച്ചു കാലം പരിശീലകനായ ബ്രൗണ്‍ വിവിധ ക്ലബുകള്‍ക്ക് പുറമെ അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. 2008ല്‍ ലയണല്‍ മെസിയുടെ കീഴില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ അര്‍ജന്റീന അണ്ടര്‍ 23 ടീമിന്റെ സഹ പരിശീലകനും ബ്രൗണായിരുന്നു. സെര്‍ജിയോ ബാറ്റിസ്റ്റയായിരുന്നു അന്ന് ടീമിന്റെ പ്രധാന പരിശീലകന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com