രോഹിത്-കോഹ് ലി പോരിലെ ഫലമറിയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം, ഇന്ത്യയ്ക്കിനി ഏകദിനം ഡിസംബറില്‍ മാത്രം

വിന്‍ഡിസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞാല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയ്ക്ക് ഏകദിന മത്സരങ്ങള്‍ ഇല്ല
രോഹിത്-കോഹ് ലി പോരിലെ ഫലമറിയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം, ഇന്ത്യയ്ക്കിനി ഏകദിനം ഡിസംബറില്‍ മാത്രം

ലോകകപ്പില്‍ മൂന്നക്കം കടക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയില്‍ തന്നെ തീര്‍ക്കുകയാണ് കോഹ് ലി.  വിന്‍ഡിസിനെതിരായ രണ്ട് ഏകദിനങ്ങളില്‍ തുടരെ രണ്ട് സെഞ്ചുറികള്‍. സ്‌കോര്‍ ബോര്‍ഡ് മൂന്നക്കം കടത്താന്‍ കോഹ് ലി ആരംഭിച്ചതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുക കോഹ് ലിയോ, രോഹിത്തോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഓസ്‌ട്രേലിയയില്‍ ഒരു സെഞ്ചുറി, ഇംഗ്ലണ്ടില്‍ അഞ്ചെണ്ണം എന്നാണ് ഈ വര്‍ഷം രോഹിത്തിന്റെ കണക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്ന് സെഞ്ചുറി നേടിയ കോഹ് ലി വിന്‍ഡിസിനെതിരെ രണ്ടെണ്ണം കൂടി നേടിയെത്തുന്നു. രോഹിത്തിന് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 6 സെഞ്ചുറിയും കോഹ് ലിക്ക് അഞ്ച് സെഞ്ചുറിയും. 

2019ലെ രോഹിത്തിന്റെ സെഞ്ചുറികള്‍

133- ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍
122-സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സതാപ്ടണില്‍
140- പാകിസ്ഥാനെതിരെ മാഞ്ചസ്റ്ററില്‍
102- ഇംഗ്ലണ്ടിനെതിരെ ബിര്‍മിങ്ഹാമില്‍
104- ബംഗ്ലാദേശിനെതിരെ ബിര്‍മിങ്ഹാമില്‍
103- ശ്രീലങ്കയ്‌ക്കെതിരെ ലീഡ്‌സില്‍

കോഹ് ലിയുടെ 2019ലെ സെഞ്ചുറികള്‍

104- ഓസീസിനെതിരെ അഡ്‌ലെയ്ഡില്‍
116- ഓസീസിനെതിരെ നാഗ്പൂരില്‍
123- ഓസീസിനെതിരെ റാഞ്ചിയില്‍
120- വിന്‍ഡിസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍
114- വിന്‍ഡിസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍

ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി ഇവരില്‍ ആര്‌ നേടും എന്നറിയണം എങ്കില്‍ ഡിസംബര്‍ എത്തണം. വിന്‍ഡിസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞാല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയ്ക്ക് ഏകദിന മത്സരങ്ങള്‍ ഇല്ല. ഡിസംബര്‍ 15ന് ഇന്ത്യ ഏകദിനത്തിന് ഇറങ്ങുമ്പോഴും എതിരാളികള്‍ വിന്‍ഡിസ് തന്നെയാണ്. വിന്‍ഡിസിനെതിരായ ഈ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് അറിയാം രോഹിത്തോ, കോഹ് ലിയോ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവര്‍ എന്ന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com