നെയ്മറിന് വേണ്ടി ബലിയാടാകാനില്ല; ഒടുവില്‍ കുട്ടീഞ്ഞോ ബയേണിലേക്ക്

ബ്രസീല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സലോണ വിട്ട് ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക്
നെയ്മറിന് വേണ്ടി ബലിയാടാകാനില്ല; ഒടുവില്‍ കുട്ടീഞ്ഞോ ബയേണിലേക്ക്

മാഡ്രിഡ്: ബ്രസീല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സലോണ വിട്ട് ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക്. ഒരു വര്‍ഷത്തെ വായ്പാ കരാറിലാണ് മുന്‍ ലിവര്‍പൂള്‍ താരം കൂടിയായിരുന്ന കുട്ടീഞ്ഞോ ബാവേറിയന്‍സിന്റെ കൂടാരത്തിലേക്ക് മാറുന്നത്. കുട്ടീഞ്ഞോയെ കൈമാറുന്ന വിഷയത്തില്‍ ഇരു ക്ലബുകളും തമ്മില്‍ ധാരണയിലെത്തി. ഇക്കാര്യം ബാഴ്‌സലോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

കൂട്ടീഞ്ഞോയെ പാരിസ് സെന്റ് ജെര്‍മെയ്‌ന് നല്‍കി പകരം നെയ്മറെ തിരികെ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. പിഎസ്ജിയിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് കുട്ടീഞ്ഞോ വ്യക്തമാക്കിയതോടെയാണ് കറ്റാലന്‍ ടീമിന്റെ ശ്രമം പാളിയത്. 

കഴിഞ്ഞ സീസണില്‍ വന്‍ തുകയ്ക്കാണ് ബാഴ്‌സലോണ ലിവര്‍പൂളില്‍ നിന്ന് കുട്ടീഞ്ഞോയെ ടീമിലെത്തിച്ചത്. എന്നാല്‍ സ്പാനിഷ് ചാമ്പ്യന്‍മാര്‍ക്കായി മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിക്കാതെ വന്നത് തിരിച്ചടിയായി. കളത്തില്‍ മികവ് പുലര്‍ത്താതതിന്റെ പേരില്‍ ആരാധരുടെ കടുത്ത വിമര്‍ശനങ്ങളും കുട്ടീഞ്ഞോയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. വയ്പാ കരാറിലാണ് താരം അലയന്‍സ് അരീനയിലെത്തുന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാല്‍ ബയേണിന് വേണമെങ്കില്‍ കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ സാധിക്കും. 

നെയ്മറിനെ സ്വന്തമാക്കാനായി ചിര വൈരികളായ റയല്‍ മാഡ്രിഡ് കൊണ്ടു പിടിച്ച ശ്രമങ്ങളുമായി രംഗത്തെത്തിയതോടെ ബാഴ്‌സലോണ രണ്ടും കല്‍പ്പിച്ചുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനായി അവര്‍ കണ്ട് വച്ചത് കുട്ടീഞ്ഞോയെ പിഎസ്ജിക്ക് നല്‍കുക എന്ന തന്ത്രമായിരുന്നു. എന്നാല്‍ ബ്രസീല്‍ താരം പാരിസിലേക്ക് പോകാന്‍ വിസമ്മതിച്ചതോടെ ബാഴ്‌സയുടെ ആ നീക്കം പാളി. 

കുട്ടീഞ്ഞോയാകട്ടെ ഈ സീസണില്‍ തന്നെ ബാഴ്‌സലോണയില്‍ നിന്നുള്ള മാറാനുള്ള ആഗ്രഹത്തിലുമായിരുന്നു. ഇതോടെയാണ് താരം ബയേണ്‍ തിരഞ്ഞെടുത്തത്. ബുണ്ടസ് ലീഗയില്‍ മികവ് പുലര്‍ത്താമെന്ന പ്രതീക്ഷയിലാണ് കുട്ടീഞ്ഞോ ജര്‍മനിയിലേക്ക് ചേക്കേറുന്നത്. ബാഴ്‌സലോണയ്ക്കായി 76 മത്സരങ്ങള്‍ കളിച്ച താരം 21 ഗോളുകളാണ് വലയിലാക്കിയത്. 

നേരത്തെ കുട്ടീഞ്ഞോയ്ക്കായി ഇംഗ്ലീഷ് കരുത്തരായ ടോട്ടനം ഹോട്‌സ്പര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. താരം ആഴ്‌സണലിലേക്ക് പോകുമെന്നും ലിവര്‍പൂളിലേക്ക് മടങ്ങിയെത്തുമെന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com