ഹെസനേയും മൂഡിയേയും പിന്നിലാക്കാനുള്ള മികവ് ശാസ്ത്രിക്കുണ്ടോ? സംശയത്തിന്റെ നിഴലില്‍ സിഎസി അംഗങ്ങളുടെ വാക്കുകള്‍

ടൂര്‍ണമെന്റ് ജയിക്കാത്ത പരിശീലകരെ പുറത്താക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് കപില്‍ ദേവ് ഉന്നയിച്ചത്. 
ഹെസനേയും മൂഡിയേയും പിന്നിലാക്കാനുള്ള മികവ് ശാസ്ത്രിക്കുണ്ടോ? സംശയത്തിന്റെ നിഴലില്‍ സിഎസി അംഗങ്ങളുടെ വാക്കുകള്‍

നാലാം വട്ടം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് എത്തിയ ടോം മൂഡിയേയും, കീവീസിനെ ഉടച്ചു വാര്‍ത്ത ഹെസനേയുമെല്ലാം തള്ളി രവി ശാസ്ത്രി വീണ്ടും ഇന്ത്യന്‍ ടീമിനെ മേയ്ക്കാന്‍ എത്തുന്നു. ശാസ്ത്രിയേക്കാള്‍ യോഗ്യരാണ്‌ മൂഡിയും, ഹസ്സനുമാണെന്ന് കരുതുന്ന ആരാധകരുണ്ട്. അഭിമുഖത്തില്‍ എങ്ങനെ ശാസ്ത്രി ഇവരെ മറികടന്നു എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു. 

കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ മാര്‍ക്ക് നല്‍കിയതിനെ കുറിച്ച് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗമായ കപില്‍ ദേവ് പറയുന്നത് ഇങ്ങനെയാണ്, ''ഓരോരുത്തര്‍ക്കും എത്ര മാര്‍ക്കാണ് നല്‍കിയത് എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞില്ല. അഭിമുഖം കഴിഞ്ഞതിന് ശേഷം മാര്‍ക്ക് കണക്കു കൂട്ടിയപ്പോള്‍ ശാസ്ത്രിയും, ഹെസനും, മൂഡിയും നേരിയ അകലത്തിലാണ് നിന്നിരുന്നത്. അത് ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്നും'' കപില്‍ ദേവ് പറഞ്ഞു. 

പരിശീലനത്തില്‍ ശാസ്ത്രിയേക്കാള്‍ അനുഭവ സമ്പത്ത് ഈ രണ്ട് പേര്‍ക്കുമുണ്ട്. ശ്രീലങ്കയെ 2007 ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചത് മൂഡിയായിരുന്നു. 14 വര്‍ഷത്തെ പരിശീലന പരിചയം ഈ മുന്‍ ഓസീസ് താരത്തിനുണ്ട്. ന്യൂസിലാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ കാലം പരിശിലിപ്പിച്ച കോച്ചാണ് ഹസ്സന്‍. ആദ്യമായി കീവിസിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചതും ഹസ്സനാണ്. 

എന്നാല്‍, ''നിലവിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തി എന്ന മുന്‍തൂക്കമാണ് ശാസ്ത്രിക്ക് തുണയായത് എന്നാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗം ഗെയ്ക്കവാദ് പറയുന്നത്‌. പുതിയ പരിശീലകന്‍ വരുമ്പോള്‍ അവര്‍ക്കും കളിക്കാര്‍ക്കും ഒന്നേയെന്ന് തുടങ്ങണമെന്നതും ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി വിലയിരുത്തി''. എന്നാല്‍, 2021 ലോകകപ്പ് വരെയാണ് ശാസ്ത്രിയെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇന്ത്യ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് വരെ.  2023 ലോകകപ്പ് വരുമ്പോള്‍ 2021ല്‍ പുതിയ പരിശീലകനെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അപ്പോള്‍ ''തുടക്കം'' പ്രശ്‌നമാവില്ലേ എന്ന ചോദ്യം ഉയരുന്നു. 

ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് എത്തിക്കാന്‍ സാധിക്കാതിരുന്ന കോച്ചാണ് രവി ശാസ്ത്രി എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ടൂര്‍ണമെന്റ് ജയിക്കാത്ത പരിശീലകരെ പുറത്താക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് കപില്‍ ദേവ് ഉന്നയിച്ചത്. കോച്ചിങ് ഫിലോസഫി, പരിശീലനത്തിലെ പരിചയം, പരിശീലക സ്ഥാനത്തെ നേട്ടങ്ങള്‍, ആശയവിനിമയം, പരിശീലനത്തിലെ ആധുനിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് എന്നിവയാണ് അഭിമുഖത്തില്‍ മാനദണ്ഡമാക്കിയത്. 

ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം ഉള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ ശാസ്ത്രിക്ക് തുണയായി. ശാസ്ത്രി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം 21 ടെസ്റ്റ് കളിച്ചതില്‍ 13 എണ്ണത്തില്‍ ഇന്ത്യ ജയം പിടിച്ചു. 52.38 ആണ് വിജയ ശരാശരി. ട്വന്റി20യില്‍ 36 കളിയില്‍ നിന്ന് ഇന്ത്യ 25 ജയവും ശാസ്ത്രിക്ക് കീഴില്‍ നേടി. ഏകദിനത്തിലാവട്ടെ 60 കളിയില്‍ നിന്ന് 43 വിജയങ്ങളിലേക്കാണ് ശാസ്ത്രി ഇന്ത്യയെ എത്തിച്ചത്. 71.67 വിജയ ശരാശരി.

രവി ശാസ്ത്രിയെ തന്നെയാവും പരിശീലകനായി തെരഞ്ഞെടുക്കുക എന്നത് വ്യക്തമായിരുന്നു. നായകന്‍ കോഹ് ലിയുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് ശാസ്ത്രിക്ക് പ്ലസ് പോയിന്റായത്. ശാസ്ത്രി പരിശീലകനായി തുടരുന്നതിനെ അനുകൂലിച്ച് സംസാരിച്ച കോഹ് ലിക്കെതിരെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗം രംഗത്തെത്തിയിരുന്നു. കോഹ് ലിയുടെ അഭിപ്രായം കണക്കിലെടുക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നായിരുന്നു അന്‍ഷുമാന്‍ ഗെയ്ക്കവാദ്‌ അന്ന് പറഞ്ഞത്. എന്നാല്‍, കോഹ് ലിയുടെ അഭിപ്രായവും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com