വെറും 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, അതും നഗ്നപാദനായി; അമ്പരപ്പിച്ച് യുവാവ്, കയ്യടി (വീഡിയോ)

മധ്യപ്രദേശിലെ ഒരു യുവാവാണ് ഇപ്പോള്‍ താരം
വെറും 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം, അതും നഗ്നപാദനായി; അമ്പരപ്പിച്ച് യുവാവ്, കയ്യടി (വീഡിയോ)

ഭോപ്പാല്‍:  വെറും 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം. അതും നഗ്നപാദനായി. കേള്‍ക്കുമ്പോള്‍ ഞെട്ടാം. മധ്യപ്രദേശിലെ ഒരു യുവാവാണ് ഇപ്പോള്‍ താരം. ഇയാള്‍ ഓടുന്ന വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ ശിവ്പുരി സ്വദേശിയായ രമേശ്വര്‍ ഗുര്‍ജാറാണ് താരം. ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇത് തിരിച്ചറിഞ്ഞ മധ്യപ്രദേശ് സര്‍ക്കാരും പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഭോപ്പാലിലെ ടിടി നഗര്‍ സ്റ്റേഡിയത്തില്‍ സ്പീഡ് ടെസ്റ്റില്‍ പങ്കെടുക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ രമേശ്വര്‍ ഗുര്‍ജാറിനെ ക്ഷണിച്ചിരിക്കുന്നത്.

കാണാതായ പോത്തുകളെ തിരയുന്നതിനിടയിലാണ് സ്‌പോര്‍ട്‌സ് മന്ത്രിയുടെ വിളി വന്നത്.  ഉസൈന്‍ ബോള്‍ട്ട് ഓടുന്നത് ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് ബോള്‍ട്ടിന്റെ റെക്കോര്‍ഡ് ഇന്ത്യക്കാര്‍ക്ക് ഭേദിക്കാന്‍ കഴിയുന്നില്ല എന്ന് തുടര്‍ച്ചയായി ചിന്തിച്ചിട്ടുണ്ട്?, മികച്ച സൗകര്യങ്ങളും പരിശീലനവും ലഭിച്ചാല്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'- ഗുര്‍ജാര്‍ പറയുന്നു.

അത്‌ലറ്റിക്‌സില്‍ ഈ യുവാവിന് വലിയ ഭാവിയുണ്ടെന്ന് പറഞ്ഞ്് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഗുര്‍ജാറിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഈ യുവാവിന് വേണ്ട പിന്തുണ നല്‍കണമെന്ന് കേന്ദ്രകായിക മന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ട് ഗുര്‍ജാര്‍ ഓടുന്ന വീഡിയോ സഹിതമാണ് ബിജെപി നേതാവു കൂടിയായ ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. അവനെ എന്റെ അടുത്തേക്ക് ആരെങ്കിലും പറഞ്ഞുവിടുവെന്നായിരുന്നു ഇതിന് മറുപടിയായി കിരണ്‍ റിജിജുവിന്റെ പ്രതികരണം. അത്‌ലറ്റിക് അക്കാദമിയില്‍ ചേരുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് നല്‍കാമെന്നും കിരണ്‍ റിജിജു ഉറപ്പുനല്‍കി.

വേണ്ട പരിശീലനം നല്‍കിയാല്‍ അദ്ദേഹം ദേശീയ സമ്പത്തായി മാറുമെന്ന് മധ്യപ്രദേശ് കായികമന്ത്രി പറഞ്ഞു. നിലവില്‍ അവന്‍ ഭോപ്പാലിലുണ്ട്. വരും ദിവസങ്ങളില്‍ പരിചയസമ്പന്നരായ കോച്ചുകളുടെ നിര ഗുര്‍ജാറിന്റെ കഴിവ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com