ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷം കളിക്കളത്തിലിറങ്ങാം

ഐപിഎല്ലില്‍ ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു; അടുത്ത വര്‍ഷം കളിക്കളത്തിലിറങ്ങാം

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി പേസര്‍ എസ് ശ്രീശാന്തിന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി വെട്ടിക്കുറച്ചു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജയിന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഐപിഎല്ലില്‍ ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരങ്ങളായിരുന്ന അജിത് ചണ്ഡാലിയ, അങ്കിത് ചവാനും എന്നിവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി ബിസിസിഐ അച്ചടക്ക സമിതിയുടെ തീരുമാനം റദ്ദാക്കി. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം മൂന്നു മാസത്തിനകം പുനപ്പരിശോധിക്കണം എന്നായിരുന്നു സുപ്രിം കോടതി നിര്‍ദേശം.

വിലക്ക് ഏഴു വര്‍ഷമായി കുറച്ച തീരുമാനത്തോടെ ശ്രീശാന്തിന് അടുത്ത വര്‍ഷം വീണ്ടും കളിക്കാനാവും. എന്നാല്‍ ഇപ്പോള്‍ 36 വയസുള്ള ശ്രീശാന്തിന് ടീമില്‍ തിരിച്ചെത്താനാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പേസ് ബൗളര്‍ എന്ന നിലയിലുള്ള കരിയര്‍ ഈ പ്രായത്തില്‍ ഏതാണ് അവസാനിച്ചിട്ടുണ്ടാവാമെന്നാണ്, വിലക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡികെ ജയിന്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയ്ക്കായി 27 ടെസ്റ്റും 53 ഏകദിനങ്ങളുമാണ് ശ്രീശാന്ത് കളിച്ചിട്ടുള്ളത്. പത്ത് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യന്‍ തൊപ്പിയണിഞ്ഞ ശ്രീശാന്ത് 169 വിക്കറ്റ് വീഴ്ത്തി. 2011ലാണ് അവസാനമായി ദേശീയ ടീമില്‍ കളിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com