'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം
'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച ആദ്യ ടെസ്റ്റില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം. വിന്‍ഡിസിനെതിരായ പരിശീലന ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ 68 റണ്‍സ് എടുത്ത് രോഹിത് മികവ് കാട്ടിയെങ്കിലും ആദ്യ ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ രോഹിത്തിനായില്ല. 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം. രോഹിത്തിന് ഇടം നല്‍കാതെ കെ എല്‍ രാഹുലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് എതിരേയും വലിയ പരിഹാസമാണ് ഉയരുന്നത്. വിഹാരിയെ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ രോഹിത്ത് പുറത്തിരിക്കുന്നതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നു. ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്ന രഹാനെയ്ക്കും അവസരം നല്‍കി. 

രോഹിത്തിനെ ഓപ്പണിങ്ങില്‍ ഇറക്കണം എന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. 2018ലെ സൗത്ത് ആഫ്രിക്കന്‍ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രോഹിത്തിന് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്. നാല് ഇന്നിങ്‌സില്‍ നിന്ന് 78 റണ്‍സ് മാത്രമാണ് അവിടെ രോഹിത്തിന് സ്‌കോര്‍ ചെയ്യാനായത്. 

രോഹിത്തിനെ ഇപ്പോള്‍ ഒഴിവാക്കിയതിന്റെ കാരണമാണ് ആരാധകര്‍ ആരായുന്നത്. കോഹ് ലി മനഃപൂര്‍വം രോഹിത്തിനെ ഒഴിവാക്കി എന്നാണ് വിമര്‍ശനം. രോഹിത്തിനെ ഒഴിവാക്കിയതിലൂടെ തന്നെ കോഹ് ലിയും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com