ബംഗാറിനെ വെട്ടി, വിക്രം റാത്തോര്‍ പുതിയ ബാറ്റിങ് കോച്ച്; സപ്പോര്‍ട്ട് സ്റ്റാഫിലെ മാറ്റങ്ങള്‍ ഇങ്ങനെ

സഞ്ജയ് ബംഗാറിനെ മാറ്റിയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണറായ റാത്തോറിനെ ബാറ്റിങ് പരിശീലകനായി നിയമിക്കുന്നത്
ബംഗാറിനെ വെട്ടി, വിക്രം റാത്തോര്‍ പുതിയ ബാറ്റിങ് കോച്ച്; സപ്പോര്‍ട്ട് സ്റ്റാഫിലെ മാറ്റങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: വിക്രം റാത്തോര്‍ ഇന്ത്യയുടെ പുതിയ ബാറ്റിങ് പരിശീലകന്‍. സഞ്ജയ് ബംഗാറിനെ മാറ്റിയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണറായ റാത്തോറിനെ ബാറ്റിങ് പരിശീലകനായി നിയമിക്കുന്നത്. 

ഫീല്‍ഡിങ്, ബൗളിങ് പരിശീലകരായി ഭാരത് അരുണും, ആര്‍ ശ്രീധറും തുടരും. 1996ലാണ് റാത്തോര്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. ആറ് ടെസ്റ്റും ഏഴ് ഏകദിനവും ഇന്ത്യയ്ക്ക് വേണ്ടി റാത്തോര്‍ കളിച്ചു. ഇന്ത്യന്‍ കുപ്പായത്തില്‍ തിളങ്ങാനാവാതെ പോയെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന്റെ ശക്തിയാവാന്‍ വിക്രം റാത്തോറിനായിരുന്നു. 

ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിലെ ഓരോ സ്ഥാനത്തേക്കും മൂന്ന് പേരുകള്‍ വീതമാണ് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നല്‍കിയത്. ഓരോ പദവിയിലും മൂന്ന് പേരുടെ ലിസ്റ്റില്‍ ഒന്നാമത് വരുന്നവരെ തെരഞ്ഞെടുത്തു. ബാറ്റിങ് കോച്ച് സ്ഥാനത്തേക്കുള്ള ലിസ്റ്റില്‍ റാത്തോര്‍ ആദ്യമെത്തിയപ്പോള്‍ സഞ്ജയ് ബംഗാര്‍ രണ്ടാമതും, ഇംഗ്ലണ്ടിന്റെ മാര്‍ക് റാംപ്രകാശ്  മൂന്നാമതും വന്നു. 14 പേരെയാണ് ബാറ്റിങ് കോച്ച് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. 

2011 ലോകകപ്പ് ക്യാംപെയ്‌നില്‍ ടീമിനൊപ്പമുണ്ടായ ഫിസിയോ നിതിന്‍ പട്ടേല്‍ സപ്പോര്‍ട്ട് സ്റ്റാഫിലേക്ക് തിരികെ എത്തി. ലുക് വുഡ്ഹൗസാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ കണ്ടിഷനിങ് കോച്ച്. 

ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരുന്നവരില്‍ മറ്റൊരു പ്രമുഖ മുഖം സുനില്‍ സുബ്രഹ്മണ്യന്റേതാണ്. ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിന് ഇടയില്‍ വിന്‍ഡിസിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരോട് സുനില്‍ മോശമായി പെരുമാറിയത് വിവാദമായിരുന്നു. ഗിരിഷ് ഗോഗ്രെയാണ് സുനില്‍ സുബ്രഹ്മണ്യത്തിന് പകരമെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com