'ഹെല്‍മറ്റ് ഇണങ്ങില്ല, മെറൂണ്‍ തൊപ്പി അഭിമാനം'; കിങ് കോഹ്‌ലിക്ക് മുന്നില്‍ വിജയ രഹസ്യം വെളിപ്പെടുത്തി കരീബിയന്‍ മാസ്റ്റര്‍ 

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു അപൂര്‍വ സംഗമമായി മാറി
'ഹെല്‍മറ്റ് ഇണങ്ങില്ല, മെറൂണ്‍ തൊപ്പി അഭിമാനം'; കിങ് കോഹ്‌ലിക്ക് മുന്നില്‍ വിജയ രഹസ്യം വെളിപ്പെടുത്തി കരീബിയന്‍ മാസ്റ്റര്‍ 

ആന്റിഗ്വ: ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍. നിര്‍ഭയമായി ബൗളര്‍മാരെ നേരിടുന്ന അതികായന്‍. കരീബിയന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന് വിശേഷണങ്ങള്‍ ഏറെയുണ്ട്. വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭശാലിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു അപൂര്‍വ സംഗമമായി മാറി.

കോഹ്‌ലി ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ഉത്തരം പറഞ്ഞു. താരങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം കിട്ടുന്നുണ്ട്. എന്നാല്‍ അത്തരം നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത കാലത്ത് ഹെല്‍മെറ്റ് ധരിക്കാതെ ഇത്ര നിര്‍ഭയനായി ച്യൂയിംഗം ചവച്ച് എങ്ങനെ ബാറ്റ് ചെയ്യാനായി എന്നതായിരുന്നു കോഹ്‌ലിക്ക് ആദ്യം അറിയേണ്ടിയിരുന്നത്. 

ഹെല്‍മെറ്റ് ഇണങ്ങാത്തതിനാലാണ് അതൊഴിവാക്കിയത് എന്നായിരുന്നു റിച്ചാര്‍ഡ്‌സിന്റെ മറുപടി. പകരം മെറൂണ്‍ തൊപ്പി വച്ച് കളിക്കും. അത് അഭിമാനമായിരുന്നു. ഇനി ബൗണ്‍സറേറ്റ് പരുക്കേറ്റാലും അതിനെ അതിജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടയിരുന്നുവെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി. 

ഡ്രസിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടക്കുമ്പോള്‍ ഒരിക്കല്‍ പോലും പേടി തോന്നിയിട്ടില്ല. ക്രിക്കറ്റില്‍ എപ്പോഴും ആധിപത്യമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. ആ ആത്മവിശ്വാസമാണ് ഒട്ടും കൂസലില്ലാതെ ക്രീസില്‍ നില്‍ക്കാന്‍ സഹായിച്ചത്. ഉള്ളിലുള്ള കരുത്തില്‍ എപ്പോഴും വിശ്വാസമുണ്ടായിരുന്നു. തന്റെ കഴിവുകള്‍ അതിന്റെ പരമാവധിയില്‍ പുറത്തെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൗളര്‍മാരെ കൂസലില്ലാതെ നേരിടാന്‍ തനിക്കുണ്ടായിരുന്ന അഭിനിവേശമാണ് ഇപ്പോള്‍ കോഹ്‌ലിയില്‍ കാണുന്നതെന്നും റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്നായിരുന്നു റിച്ചാര്‍ഡ്‌സിനുണ്ടായിരുന്ന പെരുമ. വിന്‍ഡീസിനായി രാജ്യാന്തര ക്രിക്കറ്റില്‍ 15,000ലധികം റണ്‍സും 35 ശതകങ്ങളും അദ്ദേഹം കുറിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com