22 വര്‍ഷം മുന്‍പ് എഫ്‌സി കൊച്ചിന്‍; ഇന്ന് മലബാറിയന്‍സ്; ഗോകുലം ചരിത്രം തിരുത്തുമോ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th August 2019 10:12 AM |
Last Updated: 24th August 2019 10:12 AM | A+A A- |

കൊല്‍ക്കത്ത: 22 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ഗോകുലം എഫ്‌സി ഇന്ന് അവസാനം കുറിക്കുമോ? ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ്‌സി ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ മോഹന്‍ ബഗാനെ നേരിടാനൊരുങ്ങുമ്പോള്‍ ഓരോ ഫുട്‌ബോള്‍ പ്രേമിയും ചോദിക്കുന്നതും ഈ ചോദ്യം തന്നെ.
1997ല്‍ എഫ്‌സി കൊച്ചിന്‍ ഡ്യൂറന്റ് കപ്പ് ഉയര്‍ത്തിയ ശേഷം പ്രധാന കിരീടങ്ങള്‍ ഒന്നും കേരള പ്രൊഫഷണല്‍ ക്ലബുകള്‍ നേടിയിട്ടില്ല. ആ വലിയ കാത്തിരിപ്പിന് ഇന്ന് അവസാനമാകും എന്ന് പ്രതീക്ഷിക്കാം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം.
സെമിയിലെ ആവേശപ്പോരാട്ടത്തില്‍ മറ്റൊരു ബംഗാള്‍ കരുത്തായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചാണ് ഗോകുലത്തിന്റെ ഫൈനല്‍ പ്രവേശം. ഈ വിജയത്തിന്റെ ആത്മവിശ്വാസം ഗോകുലത്തിന് കരുത്താകും. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് മലബാറിയന്‍സ് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്. ഗോള്‍ കീപ്പര്‍ ഉബൈദ് ആയിരുന്നു ഹീറോ.
റിയല്‍ കാശ്മീരിനെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ എത്തിയത്. മലയാളി താരമായ വി പി സുഹൈറിന്റെ ഇരട്ട ഗോളുകള്‍ ആയിരുന്നു ബഗാനെ സെമിയില്‍ രക്ഷിച്ചത്. മുന്‍ ഗോകുലം കേരള എഫ്‌സി താരം കൂടിയാണ് സുഹൈര്‍.
“We will focus on playing to our style.” - @fasantiago73 #DurandCup #Malabarians #GKFC #GKFCMB pic.twitter.com/RyoUUv2JfB
— Gokulam Kerala FC (@GokulamKeralaFC) August 23, 2019
ഗോകുലത്തിന്റെ പ്രതീക്ഷകള്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലാണ്. സെമി അടക്കം നാല് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളുകളാണ് ജോസഫ് ഇതുവരെ നേടിയിട്ടുള്ളത്. അറ്റാക്കില്‍ ഹെന്റി കിസേകയും ഗോകുലത്തിന് കരുത്താവാന്‍ ഉണ്ട്. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാത്ത ബ്രൂണോ പെല്ലിസാറി ഇന്നും രണ്ടാം പകുതിയില്‍ മാത്രമേ കളത്തില്‍ ഇറങ്ങാന്‍ സാധ്യതയുള്ളൂ.