ചെന്നൈയിന്‍ വിട്ട് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക്; സികെ വിനീത് എത്തുമോ?

മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്‌സിയോട് വിട പറഞ്ഞു
ചെന്നൈയിന്‍ വിട്ട് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക്; സികെ വിനീത് എത്തുമോ?

ചെന്നൈ: മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്‌സിയോട് വിട പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഹാളിചരണ്‍ നര്‍സരിയും ടീമില്‍ നിന്ന് പടിയിറങ്ങിയിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം കൂടിയായ മുഹമ്മദ് റാഫി ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം വിനീത് തിരിച്ച് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല. 

കഴിഞ്ഞ സീസണ്‍ പകുതി പിന്നിട്ടപ്പോഴാണ് സികെ വിനീതും ഹാളിചരണ്‍ നര്‍സരിയും വായ്പാടിസ്ഥാനത്തില്‍ ചെന്നൈയിനിലേക്ക് മാറിയത്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായുള്ള അകല്‍ച്ചയെ തുടര്‍ന്നായിരുന്നു വിനീത് ടീം വിട്ടത്. ആരാധകര്‍ക്കെതിരേ വിനീത് നടത്തിയ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ കൂടുമാറല്‍. നിലവില്‍ വിനീതിനെ ടീമിലെത്തിക്കാന്‍ രണ്ട് ക്ലബുകള്‍ രംഗത്തുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിന് പകരം ഈ രണ്ട് ക്ലബുകളില്‍ ഒന്നില്‍ ചേരാനായിരിക്കും വിനീത് താത്പര്യപ്പെടുക.

രണ്ട്, മൂന്ന് സീസണുകളില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി കളിച്ച താരമാണ് 37 കാരനായ മുഹമ്മദ് റാഫി. 2016 ഫൈനലിലേത് ഉള്‍പ്പെടെ ആറ് ഗോളുകളും നേടി. പ്രഥമ ഐഎസ്എല്ലില്‍ എടികെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയിന്‍ എഫ് സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കു വേണ്ടി മൂന്ന് മത്സരങ്ങള്‍ക്കായി ഏഴ് മിനുട്ട് മാത്രമാണ് റാഫി കളത്തിലിറങ്ങിയത്. 

മുഹമ്മദ് റാഫി ചെന്നൈ ടീമിനായി 21 മത്സരങ്ങള്‍ കളിച്ചു. അഞ്ച് ഗോളുകള്‍ നേടി. 31കാരനായ സികെ വിനീത് ചെന്നൈയിനായി 17 മത്സരങ്ങളില്‍ കളിച്ച് നാല് ഗോളുകള്‍ നേടി. സൂപ്പര്‍ കപ്പില്‍ രണ്ട് ഗോളുകളും ഐഎസ്എല്‍, എഎഫ്‌സി കപ്പ് പോരാട്ടങ്ങളില്‍ ഓരോ ഗോളുകളുമാണ് വിനീത് വലയിലാക്കിയത്.  

ഒക്ടോബര്‍ 20നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്. എടികെയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കൊച്ചിയിലാണ് ഉദ്ഘാടന പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com