റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ യോഗ്യത; സുമിതിനെ കാത്തിരിക്കുന്നത് സാക്ഷാല്‍ റോജര്‍ ഫെഡറര്‍!

റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ ടെന്നീസ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരം സുമിത് നാഗല്‍
റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ യോഗ്യത; സുമിതിനെ കാത്തിരിക്കുന്നത് സാക്ഷാല്‍ റോജര്‍ ഫെഡറര്‍!

ന്യൂയോര്‍ക്ക്: റെക്കോര്‍ഡ് നേട്ടത്തോടെ യുഎസ് ഓപണ്‍ ടെന്നീസ് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ താരം സുമിത് നാഗല്‍. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ ജോ മെനെസെസിനെ കീഴടക്കിയാണ് സുമിത് മെയിന്‍ ഡ്രോയിലേക്ക് കടക്കുന്നത്. 

യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സ് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി സുമിതിന് സ്വന്തമാണ്. രണ്ട് മണിക്കൂറും 27 മിനിട്ടും നീണ്ട പോരാട്ടത്തിലാണ് 22കാരനായ ഇന്ത്യന്‍ താരം മെനെസെസിനെ വീഴ്ത്തിയത്. 

ആദ്യ സെറ്റ് 5-7ന് നഷ്ടപ്പെടുത്തിയ സുമിത് രണ്ടും മൂന്നും സെറ്റുകളില്‍ തിരിച്ചു വരികയായിരുന്നു. സ്‌കോര്‍: 5- 7, 6- 4, 6- 3. ലോക റാങ്കിങ്ങില്‍ 190ാം സ്ഥാനത്താണ് സുമിത്. 

യോഗ്യത നേടിയ സുമിതിന് ഒന്നാം റൗണ്ടില്‍ പോരാടേണ്ടത് സാക്ഷാല്‍ റോജര്‍ ഫെഡററുമായാണ്. സുമിതിനെ കൂടാതെ പ്രജ്‌നേഷ് ഗുണേശ്വരനും യോഗ്യത നേടിയിട്ടുണ്ട്. അഞ്ചാം സീഡ് ഡാനില്‍ മെദ്‌വദേവാണ് പ്രജ്‌നേഷിന്റെ എതിരാളി. 1998ലെ വിംബിള്‍ഡണിന് ശേഷം ആദ്യമായാണ് ഗ്രാന്‍ഡ് സ്ലാമിലെ സിംഗിള്‍സ് മത്സരത്തില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. അന്ന് മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസുമാണ് കളിച്ചത്.

2015ല്‍ വിംബിള്‍ഡണ്‍ ആണ്‍കുട്ടികളുടെ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സുമിത്. ചൊവ്വാഴ്ചയാണ് സുമിത്- ഫെഡറര്‍ പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com