വെങ്കിടേഷ് പ്രസാദും ഷമിയും വഴി മാറി; റെക്കോര്‍ഡിട്ട് ബുമ്‌റ; ഇക്കാര്യത്തില്‍ അശ്വിനേയും പിന്തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th August 2019 10:46 AM |
Last Updated: 24th August 2019 10:46 AM | A+A A- |

പോര്‍ട് ഓഫ് സ്‌പെയിന്‍: സമീപ കാലത്ത് ഇന്ത്യന്‍ ബൗളിങിന് വൈവിധ്യം സമ്മാനിച്ച താരമാണ് പേസ് ബൗളര്‍ ജസ്പ്രിത് ബുമ്‌റ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാനും കുറഞ്ഞ കാലം കൊണ്ട് യുവ താരത്തിന് സാധിച്ചു.
വെസ്റ്റിന്‍ഡീസിനെതിരെ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തി ബുമ്‌റ ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡാണ് ബുമ്‌റ സ്വന്തമാക്കിയത്. വെങ്കിടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവര്‍ പങ്കിട്ടിരുന്ന റെക്കോര്‍ഡാണ് ബുമ്‌റ സ്വന്തം പേരിലേക്ക് മാറ്റിയത്.
വിന്‍ഡീസ് താരം ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുമ്‌റയുടെ നേട്ടം. പ്രസാദും ഷമിയും 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് 50 എന്ന നാഴികക്കല്ല് പിന്നിട്ടതെങ്കില്‍ ബുമ്‌റയ്ക്ക് 11 ടെസ്റ്റുകള്‍ മാത്രമാണ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വേണ്ടി വന്നത്.
ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് സ്പിന്നര്‍ ആര്‍ അശ്വിന്റെ പേരിലാണ്. അശ്വിന്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ കൊയ്ത് റെക്കോര്‍ഡിട്ടത്. ഈ പട്ടികയില്‍ ബുമ്‌റ മൂന്നാം സ്ഥാനത്തേക്ക് കയറി. പത്ത് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ തികച്ച ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്നാണ് കുംബ്ലെ 50 എന്ന സംഖ്യയില്‍ തൊട്ടത്.
അതേസമയം തന്നെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നേട്ടം കണക്കാക്കിയാല്‍ മുന്നില്‍ ബുമ്‌റയാണ്. 2465 പന്തുകള്‍ എറിഞ്ഞാണ് ബുമ്‌റ 50 വിക്കറ്റുകള്‍ വീഴ്ത്തിയത്. അശ്വിന്‍ 2597 പന്തുകള്‍ എറിഞ്ഞാണ് 50ല്‍ എത്തിയത്.