അവിശ്വസനീയം! 'സൂപ്പര്‍മാന്‍' ബെന്‍ സ്റ്റോക്‌സ്; ത്രസിപ്പിക്കുന്ന വിജയവുമായി ഇംഗ്ലണ്ട്

ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം
അവിശ്വസനീയം! 'സൂപ്പര്‍മാന്‍' ബെന്‍ സ്റ്റോക്‌സ്; ത്രസിപ്പിക്കുന്ന വിജയവുമായി ഇംഗ്ലണ്ട്


ലീഡ്‌സ്: കന്നി ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ബെന്‍ സ്റ്റോക്‌സ് വീണ്ടും രക്ഷകനായപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ലോര്‍ഡ്‌സില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഇന്നിങ്‌സാണ് ലീഡ്‌സില്‍ കണ്ടത്. ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. 

സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 179, രണ്ടാം ഇന്നിങ്‌സില്‍ 246. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 67, രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 362. 

കരിയറിലെ എട്ടാം സെഞ്ച്വറി കുറിച്ച് സ്റ്റോക്‌സ് ഇംഗ്ലണ്ടിന് വിജയമുറപ്പാക്കി പുറത്താകാതെ നിന്നു. 219 പന്തുകള്‍ നേരിട്ട് 11 ഫോറുകളും എട്ട് സിക്‌സും സഹിതം സ്‌റ്റോക്‌സ് 135 റണ്‍സെടുത്തു. 

359 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 286 റണ്‍സെടുക്കുമ്പോഴേയ്ക്കും ഒന്‍പതു വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വി ഉറപ്പിച്ചിരുന്നു. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 73 റണ്‍സ്. ഉറച്ച ആരാധകര്‍ പോലും തോറ്റുവെന്ന് ഉറപ്പിച്ചിടത്തു നിന്ന് സ്‌റ്റോക്‌സ് സൂപ്പര്‍മാനായി ഉദിച്ചുയര്‍ന്നത്. ഉറച്ച പിന്തുണയുമായി ജാക്ക് ലീച്ച് ഒപ്പം നിന്നതോടെ 126.4 ഓവറില്‍ ഇംഗ്ലണ്ട് വിജയ ലക്ഷ്യം മറികടന്നു. 

പിരിയാത്ത 10ാം വിക്കറ്റില്‍ ജാക്ക് ലീച്ചിനൊപ്പം 62 പന്തില്‍ 76 റണ്‍സിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് സ്‌റ്റോക്‌സ് തീര്‍ത്തത്. ഇതില്‍ 75 റണ്‍സും നേടിയത് സ്‌റ്റോക്‌സ് തന്നെ. ജാക്ക് ലീച്ച് 17 പന്തില്‍ ഒരു റണ്ണുമായി ഉറച്ച പിന്തുണ നല്‍കി കൂട്ടുനിന്നു. ഇംഗ്ലണ്ട് വിജയത്തിന് രണ്ടു റണ്‍സ് വേണ്ടിയിരിക്കെ ഉറച്ചൊരു റണ്ണൗട്ട് അവസരം പാഴാക്കിയ നതാന്‍ ലിയോണിന് പിഴച്ചത് ഓസീസിന് വന്‍ തിരിച്ചടിയായി മാറി. വിജയത്തിനരികെ സ്‌റ്റോക്‌സിനെ ലിയോണ്‍ എല്‍ബിയില്‍ കുരുക്കിയെങ്കിലും അമ്പയര്‍ ഒട്ട് വിളിക്കാഞ്ഞതും അവര്‍ക്ക് നിരാശ നല്‍കി. റിവ്യൂ ഒന്നും ശേഷിക്കാത്തതിനാല്‍ അമ്പയറിന്റെ തീരുമാനം അന്തിമമായി.

ഒന്നാം ഇന്നിങ്‌സില്‍ വെറും 67 റണ്‍സിന് പുറത്തായി 112 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡും വഴങ്ങിയ ശേഷമാണ് സ്‌റ്റോക്‌സിന്റെ ചിറകിലേറി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിശ്വസനീയ വിജയങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടും. 

ക്യാപ്റ്റന്‍ ജോ റൂട്ട് (77), ഡെന്‍ലി (50), ബെയര്‍സ്‌റ്റോ (36) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഓസട്രേലിയക്കായി ഹാസ്‌ലെവുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ലിയോണ്‍ രണ്ട് വിക്കറ്റുകളും കമ്മിന്‍സ്, പാറ്റിന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com