സീസണിന്റെ തുടക്കം പുതിയ നായകനോടെ, കേരളത്തെ റോബിന്‍ ഉത്തപ്പ നയിക്കും

ഈ വരുന്ന സീസണില്‍ കേരളത്തിന് വേണ്ടി ഉത്തപ്പ കളിക്കുമെന്ന് വ്യക്തമായപ്പോള്‍ തന്നെ നായക സ്ഥാനവും ഉത്തപ്പയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു
സീസണിന്റെ തുടക്കം പുതിയ നായകനോടെ, കേരളത്തെ റോബിന്‍ ഉത്തപ്പ നയിക്കും

കൊച്ചി: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ നയിക്കും. ഈ വരുന്ന സീസണില്‍ കേരളത്തിന് വേണ്ടി ഉത്തപ്പ കളിക്കുമെന്ന് വ്യക്തമായപ്പോള്‍ തന്നെ നായക സ്ഥാനവും ഉത്തപ്പയിലേക്ക് എത്തുമെന്ന് സൂചനയുണ്ടായിരുന്നു. 

ക്യാപ്റ്റന്‍ കെ തിമ്മയ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇലവനെ നയിച്ചത് ഉത്തപ്പയായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി കേരളത്തെ നയിച്ച സച്ചിന്‍ ബേബിക്ക് പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല എന്നതും ഉത്തപ്പയെ നായക സ്ഥാനത്തേക്ക് എത്തിക്കുന്നതിന് വഴി തുറന്നു. 

സയിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിലും വിജയ് ഹസാരെ ട്രോഫിയിലും ഉത്തപ്പ കേരളത്തെ നയിക്കുമെന്ന് കെസിഎ വ്യക്തമാക്കി. റോബിന്‍ ഉത്തപ്പയുടെ പരിചയ സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ അറിയിച്ചു. ഉത്തപ്പയെ നായകനാക്കുന്ന കാര്യം പരിശീലകന്‍ ഡേവിഡ് വാട്ട്‌മോറിനെ അറിയിച്ചുവെന്നും, അദ്ദേഹം എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു. 

എന്നാല്‍, വരുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തെ ഉത്തപ്പ നയിക്കുമോ എന്ന കാര്യത്തില്‍ കെസിഎ വ്യക്തത വരുത്തിയില്ല. കഴിഞ്ഞ രണ്ട് രഞ്ജി സീസണുകളിലും സച്ചിന്‍ ബേബിയുടെ നായകത്വത്തിന് കീഴില്‍ കേരളം മികവ് കാട്ടിയിരുന്നു. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലും, അതിന് മുന്‍പ് ക്വാര്‍ട്ടറിലേക്കും കേരളത്തെ എത്തിക്കാന്‍ സച്ചിന്‍ ബേബിക്കായി. 

വിജയ് ഹസാരെ ട്രോഫിയിലും, സയിദ് മുഷ്തഖ് അലി ട്രോഫിയിലും ഉത്തപ്പയുടെ നായകത്വം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തും. അതിന് ശേഷമാവും രഞ്ജി ട്രോഫിയില്‍ നായകനെ മാറ്റണമോ എന്ന് തീരുമാനിക്കുക. ഡിസംബറിലാണ് രഞ്ജി ട്രോഫി ആരംഭിക്കുക എന്നിരിക്കെ തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് കെസിഎ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com