മരണ ഗ്രൂപ്പല്ല, ഇത് കൊലമാസ് ഗ്രൂപ്പ്! ആര് മരിക്കും, ആരാവും കടമ്പ കടക്കുക?

യൂറോ കപ്പ് 2020 ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ശ്രദ്ധേയമായത് മരണ ഗ്രൂപ്പ് തന്നെ
മരണ ഗ്രൂപ്പല്ല, ഇത് കൊലമാസ് ഗ്രൂപ്പ്! ആര് മരിക്കും, ആരാവും കടമ്പ കടക്കുക?

ബെര്‍ലിന്‍: യൂറോ കപ്പ് 2020 ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ശ്രദ്ധേയമായത് മരണ ഗ്രൂപ്പ് തന്നെ. ഗ്രൂപ്പ് എഫ് ആണ് ഇത്തവണ മരണ ഗൂപ്പ്. ഇന്നുവരെ കാണാത്ത ഒരു കൗതുകമാണ് നറുക്കെടുപ്പിലൂടെ പുറത്തു വന്നത്. സത്യത്തില്‍ മരണ ഗ്രൂപ്പെന്നല്ല കൊലമാസ് ഗ്രൂപ്പ് എന്നുതന്നെ എഫിനെ വിശേഷിപ്പിക്കാം.

ഗ്രൂപ്പ് സിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍, 2014ലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനി എന്നിവരാണ് നേര്‍ക്കുനേര്‍ വരുന്നത്! യൂറോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. മൂന്ന് വമ്പന്‍മാര്‍ക്കൊപ്പം പ്ലേ ഓഫ് ജയിച്ചെത്തുന്ന ഐസ്‌ലന്‍ഡ്, റൊമാനിയ, ബള്‍ഗേറിയ, ഹംഗറി ടീമുകളില്‍ ഒന്നും ഈ ഗ്രൂപ്പില്‍ വമ്പന്‍മാര്‍ക്കൊപ്പം അണിനിരക്കും.

എഫ് ഗ്രൂപ്പിന്റെ നില പുറത്ത് വന്നപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം ചെയ്ത് ട്വീറ്റുകളും അതോടൊപ്പം ശ്രദ്ധിക്കപ്പെട്ടു. ഇന്നലെ രാത്രി 11.02ന് ഇട്ട ആദ്യ ട്വീറ്റില്‍ അവര്‍ 'എഫ്' എന്ന് മാത്രം കൊടുത്തു. ഇതെന്താണെന്നുള്ള കൗതുമായിരുന്നു ആരാധകര്‍ക്ക്. പിന്നാലെ 11.11ന് രണ്ടാമത്തെ ട്വീറ്റില്‍ 'റന്‍സ്' എന്നും പോസ്റ്റ് ചെയ്തു. രണ്ട് ട്വീറ്റിലുമായി 'ഫ്രാന്‍സ്' എന്നാണ് അവര്‍ പോസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ 12.01ന് പോസ്റ്റ് ചെയ്ത മൂന്നാമത്തെ ട്വീറ്റില്‍ മൂന്ന് സുപ്രധാന കിരീടങ്ങള്‍ നേടിയ മൂന്ന് ടീമുകള്‍ ഒരു ഗ്രൂപ്പില്‍ എന്ന തരത്തിലുള്ള പോസ്റ്റും ജര്‍മനി ട്വീറ്റ് ചെയ്തു. യൂറോ കിരീടത്തിന് സമീപം പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്, ജര്‍മന്‍ കോച്ച് ജോക്വിം ലോ, ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എന്നിവര്‍ നില്‍ക്കുന്ന ഫോട്ടോയും അവര്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. യൂറോ 2020 എന്ന ഹാഷ്ടാഗോട് കൂടിയാണ് മൂന്നാമത്തെ ട്വീറ്റ്.

മൂന്ന് വര്‍ഷം മുന്‍പ് 2016ലെ യൂറോയ്‌ക്കെത്തുമ്പോള്‍ ജര്‍മനി ഹോട്ട് ഫേവറിറ്റുകളായിരുന്നു. നിലവിലെ ലോക ചാമ്പ്യന്‍മാരെന്ന പകിട്ടിലെത്തിയ ജര്‍മന്‍ കരുത്തിനെ ദെഷാംപ്‌സിന്റെ ഫ്രാന്‍സ് സെമിയില്‍ 2-0ന് വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. 2020ല്‍ ഗ്രൂപ്പ് പോരില്‍ തന്നെ മൂവര്‍ക്കും ആ കണക്ക് തീര്‍ക്കാം. ആര് ആര്‍ക്ക് മേല്‍ വിജയം നേടും എന്ന് കാത്തിരുന്ന് കാണാം.

2018 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയ ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവര്‍ ഇത്തവണ ഒരേ ഗ്രൂപ്പില്‍ വന്നു എന്നതും ശ്രദ്ധേയമായി. ഗ്രൂപ്പ് ഡിയിലാണ് ഇരുവരും ഉള്‍പ്പെട്ടത്. ശക്തരായ ബെല്‍ജിയത്തിനും, ഹോളണ്ടിനും താരതമ്യേന എളുപ്പമുള്ള എതിരാളികളാണ് ഗ്രൂപ്പില്‍. ബെല്‍ജിയം ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ ടീമുകള്‍ക്കൊപ്പമാണ്. ഹോളണ്ട് ഗ്രൂപ്പ് സിയില്‍ ഉക്രൈന്‍, ഓസ്ട്രിയ പ്ലേയോഫ് കളിച്ചെത്തുന്ന ഒരു ടീം എന്നിവര്‍ക്കൊപ്പമാണ്.

2020ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ 16 പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറും. ജൂണ്‍ 12ന് റോമില്‍ നടക്കുന്ന ഉദ്ഘാടന പോരില്‍ ഇറ്റലി- തുര്‍ക്കിയുമായി ഏറ്റുമുട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com