അത്യു​ഗ്രം വാര്‍ണര്‍, ഉജ്ജ്വലം ഓസീസ്; അഡ്‌ലെയ്ഡില്‍ നാണംകെട്ട് പാകിസ്ഥാന്‍

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് വിജയം
അത്യു​ഗ്രം വാര്‍ണര്‍, ഉജ്ജ്വലം ഓസീസ്; അഡ്‌ലെയ്ഡില്‍ നാണംകെട്ട് പാകിസ്ഥാന്‍

അഡ്‌ലെയ്ഡ്: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സ് വിജയം. ഒരിന്നിങ്‌സിനും 48 റണ്‍സിനുമാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തകമാക്കി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 302 റണ്‍സിലും രണ്ടാം ഇന്നിങ്‌സ് 239 റണ്‍സിലും അവസാനിപ്പിച്ചാണ് ഓസീസ് ഉജ്ജ്വല വിജയം പിടിച്ചത്. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണ്‍ പാകിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഹാസ്‌ലെവുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി. 

പാക് നിരയില്‍ ഷാന്‍ മസൂദ് (68), അസാദ് ഷഫീഖ് (57), മുഹമ്മദ് റിസ്വാന്‍ (45) എന്നിവരാണ് പിടിച്ചു നിന്നത്. മറ്റെല്ലാവരും നിരശാപ്പെടുത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് 190 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ് നഷ്ടമായി. 

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ യാസിര്‍ ഷായുടെ പ്രകടനമാണ് പാകിസ്ഥാന്റെ സ്‌കോര്‍ 300 കടത്തിയത്. എട്ട് വിക്കറ്റിന് 194 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്നു പാകിസ്ഥാന്‍. ഒമ്പതാം വിക്കറ്റില്‍ യാസിര്‍ ഷായും മുഹമ്മദ് അബ്ബാസും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏഴാം വിക്കറ്റിലാണ് പാകിസ്ഥാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. യാസിര്‍ ഷായും ബാബര്‍ അസമും ചേര്‍ന്ന് 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 

213 പന്തില്‍ 13 ഫോറിന്റെ സഹായത്തോടെ 113 റണ്‍സാണ് യാസിര്‍ ഷാ നേടിയത്. ബാബര്‍ അസം 97 റണ്‍സ് അടിച്ചു. മറ്റുള്ളവര്‍ക്കൊന്നും 30 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്യാനായില്ല. ആറ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും പാക് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ച്വറി (പുറത്താകാതെ 335) യാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലബുഷാനെ സെഞ്ച്വറി നേടി (162). ഒന്നാം ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണറാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com