ആ നായകന്‍ റൂട്ട് തന്നെ; ഇരട്ട സെഞ്ച്വറി, റെക്കോര്‍ഡ്

ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലാണ് റൂട്ടിന് ഇരട്ട ശതകം
ആ നായകന്‍ റൂട്ട് തന്നെ; ഇരട്ട സെഞ്ച്വറി, റെക്കോര്‍ഡ്

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡ് മണ്ണില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ സന്ദര്‍ശക നായകനെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലാണ് റൂട്ടിന് ഇരട്ട ശതകം.

റൂട്ട് 226 റണ്‍സെടുത്ത് പുറത്തായി. 22 ഫോറുകളും ഒരു സിക്‌സും സഹിതമാണ് റൂട്ടിന്റെ ഇരട്ട സെഞ്ച്വറി. 

മുന്‍ വെസ്റ്റിന്‍ഡീസ് നായകനും വെടിക്കെട്ട് വീരനുമായ ക്രിസ് ഗെയ്ല്‍ അടിച്ചെടുത്ത 197 റണ്‍സായിരുന്നു ഇതുവരെ കിവി മണ്ണിലെ ഒരു സന്ദര്‍ക നായകന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഈ റെക്കോര്‍ഡാണ് ഇംഗ്ലീഷ് നായകന്‍ പഴങ്കഥയാക്കിയത്. 

2019 സീസണില്‍ അത്ര നല്ല ഫോമിലായിരുന്നില്ല റൂട്ട്. ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി റൂട്ടിന് ആകെ നേടാന്‍ സാധിച്ചത് 535 റണ്‍സ് മാത്രമായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെ ഫെബ്രുവരിയില്‍ നേടിയ ഒരേയൊരു സെഞ്ച്വറി മാത്രമായിരുന്നു ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഇരട്ട സെഞ്ച്വറിയിലൂടെ റൂട്ട് ഇപ്പോള്‍ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയും ഓപണര്‍ ജോ ബേണ്‍സ് നേടിയ സെഞ്ച്വറിയുടേയും (101) ബലത്തില്‍ ഇംഗ്ലണ്ട് 476 റണ്‍സെടുത്തു. ഒല്ലി പോപ് (75) നായകന് മികച്ച പിന്തുണ നല്‍കി. കിവികള്‍ ഒന്നാം ഇന്നിങ്‌സില്‍ 375 റണ്‍സ് കണ്ടെത്തിയിരുന്നു. 100 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com