ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ; അഞ്ച് പേരെ ഒഴിവാക്കും

അടുത്ത സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ; അഞ്ച് പേരെ ഒഴിവാക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എല്ലാ സീസണിലും പ്ലേയോഫിലേക്ക് കടന്ന അവരുടെ കരുത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ നായകത്വം തന്നെ. 

അടുത്ത സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ടീമുകള്‍. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ നിലവില്‍ ടീമിലുള്ള അഞ്ച് പേരെ ഓഴിവാക്കും. സ്ഥിരമായി അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന അഞ്ചോളം പേരെയാണ് ഒഴിവാക്കുന്നത്. 

അതേസമയം ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സന്‍, ഇമ്രാന്‍ താഹിര്‍ അടക്കമുള്ള വെറ്ററന്‍ താരങ്ങളെ ടീം നിലനിര്‍ത്തും. ഇതിനൊപ്പം മൂന്ന് താരങ്ങളെ പ്രത്യേകമായി തന്നെ ടീം നോട്ടമിട്ടിട്ടുണ്ട്. ഒരു ബൗളര്‍, ഒരു വിദേശ ഓണ്‍റൗണ്ടര്‍, ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ എന്നിവരെയാണ് ചെന്നൈ ടീമിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. 14.60 കോടി രൂപയാണ് അവര്‍ താരങ്ങളെ വാങ്ങാനായി മാറ്റി വച്ചിരിക്കുന്നത്. 

പേസര്‍മാരുടെ സ്ഥാനത്തേക്ക് ജയദേവ് ഉനദ്കടിനെയാണ് ചെന്നൈ നോട്ടമിട്ടിരിക്കുന്നത്. ലേലത്തില്‍ രണ്ട് സീസണുകളില്‍ ഉനദ്കടിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിട്ടും ചെന്നൈക്ക് അത് സാധിച്ചിരുന്നില്ല. 

വിദേശ ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് വെസ്റ്റിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയറ്റിനെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്. നിലവില്‍ ടീമിലുള്ള വിന്‍ഡീസ് താരം തന്നെയായ ഡ്വെയ്ന്‍ ബ്രാവോയുടെ പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ചെന്നൈയുടെ നീക്കം. 

മധ്യനിര ബാറ്റിങിന് കരുത്ത് പകരാനായി വിരാട് സിങിനെയാണ് ടീം പരിഗണിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ 335 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 343 റണ്‍സും അടിച്ചെടുത്ത് വിരാട് സിങ് ശ്രദ്ധേയനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com