മെസിയോ വാന്‍ ഡെയ്‌കോ? ആരായിരിക്കും മികച്ച താരം; ബാല്ലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് ഇന്നറിയാം

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന 2019ലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ ആര് നേടുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം
മെസിയോ വാന്‍ ഡെയ്‌കോ? ആരായിരിക്കും മികച്ച താരം; ബാല്ലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് ഇന്നറിയാം

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന 2019ലെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇത്തവണ ആര് നേടുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. പാരിസിലെ തിയേറ്റര്‍ ഡ്യു ചാറ്റ്‌ലെറ്റിലാണ് ചടങ്ങ്. 

മികച്ച പുരുഷ താരത്തിനുള്ള സാധ്യതയില്‍ ബാഴ്‌സലോണയുടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി, ലിവര്‍പൂളിന്റെ ഹോളണ്ട് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്ക് എന്നിവരാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്‍ പന്തിയിലുള്ളത്. മികച്ച വനിതാ താരത്തിനുള്ള പട്ടികയില്‍ മുന്‍ നിരയിലുള്ളത് അമേരിക്കയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറിയ മെഗാന്‍ റാപിനോയാണ്. 

അതിനിടെ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്ത് വിട്ട ചില വോട്ട് കണക്കില്‍ മെസി ഒന്നാമതും വാന്‍ ഡെയ്ക് രണ്ടാമതുമാണ് ഉള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് നാലാം സ്ഥാനമാകും എന്നാണ് അഭ്യൂഹങ്ങള്‍.

അവാര്‍ഡിനായി 30 പേരുടെ പട്ടികയാണുള്ളത്. അവാര്‍ഡിനായുള്ള വോട്ടെടുപ്പ് നേരത്തെ തന്നെ അവസാനിച്ചിരുന്നു. മെസിയാണ് വിജയിച്ചത് എന്നതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ അധികൃതര്‍ ബാഴ്‌സലോണയില്‍ എത്തിയതായും മെസിയുടെ ചിത്രങ്ങളും അഭിമുഖവും എടുത്തതായും നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഫിഫ ദി ബെസ്റ്റ് വിജയിച്ച മെസി തന്നെയാകും ബാല്ലണ്‍ ഡി ഓറും നേടുക എന്ന് ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തിയിരുന്നു. മെസി ഇത്തവണ ജേതാവ് ആവുകയാണെങ്കില്‍ അത് മെസിയുടെ ആറാമത്തെ ബാല്ലണ്‍  ഡി ഓര്‍ ആകും. മെസി നേടിയാല്‍ അതൊരു ചരിത്രമായി മാറും. ആദ്യമായാണ് ഒരു പുരുഷ താരം ആറ് ബാല്ലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്. 

ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 180ഓളം വരുന്ന മാധ്യമ പ്രവര്‍ത്തകരാണ് മികച്ച താരത്തിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തത്. നീണ്ട കാലത്തിന് ശേഷം കഴിഞ്ഞ തവണയാണ് മെസിയേ, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അല്ലാത്ത ഒരു താരം പുരസ്‌കാരം നേടിയത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിചിനായിരുന്നു അവാര്‍ഡ്. മെസിയും റൊണാള്‍ഡോയും അഞ്ച് തവണ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. രാത്രി ഒരു മണിക്ക് നടക്കുന്ന ചടങ്ങ് തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com