ഇന്ത്യയെ പുകഴ്‌ത്തേണ്ട, മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയയുടേത് എന്ന് റിക്കി പോണ്ടിങ്

ഓസീസ് ബൗളിങ് യൂണിറ്റിലെ വൈവിധ്യമാണ് ഇന്ത്യയുടേതിനേക്കാള്‍ മുന്‍തൂക്കം ഓസീസ് ബൗളിങ് നിരയ്ക്ക് നേടിത്തരുന്നത്
ഇന്ത്യയെ പുകഴ്‌ത്തേണ്ട, മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയയുടേത് എന്ന് റിക്കി പോണ്ടിങ്

എക്കാലത്തേയും മികച്ച ബൗളിങ് നിരയാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന വാദത്തോട് പക്ഷേ യോജിക്കാന്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് തയ്യാറല്ല. ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയയുടെ ബൗളിങ് വിഭാഗമാണെന്നാണ് പോണ്ടിങ് പറയുന്നത്. 

ഓസീസ് ബൗളിങ് യൂണിറ്റിലെ വൈവിധ്യമാണ് ഇന്ത്യയുടേതിനേക്കാള്‍ മുന്‍തൂക്കം ഓസീസ് ബൗളിങ് നിരയ്ക്ക് നേടിത്തരുന്നത്. പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് ഇന്നിങ്‌സ് ജയം നേടിയതിന് പിന്നാലെയാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍. ബൂമ്രയും, ഷമിയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികവ് കാട്ടുന്നു. അവര്‍ക്കൊപ്പം ഉമേഷ് യാദവും, ഇഷാന്ത് ശര്‍മയും വരുമ്പോള്‍ ഇന്ത്യയ്ക്ക് നല്ല പേസ് നിരയാവുന്നു, പോണ്ടിങ് പറഞ്ഞു. 

ഈ പേസര്‍മാര്‍ക്കൊപ്പം അശ്വിനും ജഡേജയും കൂടി വരുമ്പോള്‍ ഇന്ത്യയുടേത് മികച്ച ആക്രമണ നിരയാവുന്നു. പക്ഷേ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഓസ്‌ട്രേലിയയില്‍ കുഴങ്ങി. ഇന്ത്യന്‍ സ്പിന്നര്‍മാരേക്കാള്‍ മികച്ച റെക്കോര്‍ഡ് നഥാന്‍ ലിയോണിന് ഓസ്‌ട്രേലിയയിലുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് കൂടി ഓസീസ് ബൗളിങ്ങിലേക്ക് വരുമ്പോള്‍ വൈവിധ്യം വരുന്നുവെന്നും പോണ്ടിങ് പറഞ്ഞു. 

സൗത്ത് ആഫ്രിക്കയേയും, ബംഗ്ലാദേശിനേയും ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍ത്തിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലും ഇന്ത്യന്‍ പേസര്‍മാര്‍ തകര്‍ത്തു കളിച്ചതോടെയാണ് ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മേല്‍ പ്രശംസകള്‍ ഒഴുകിയത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അവരുടെ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് ജയിച്ചിരുന്നു. 2020-21 സീസണില്‍ 4 ടെസ്റ്റുകളുടെ ഇന്ത്യ-ഓസീസ് പരമ്പര വീണ്ടും വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com