വിന്‍ഡിസ്vs ഇന്ത്യയോ, അതോ സഞ്ജുvsപന്തോ? രോഹിത്തിനൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യണമെന്ന വാദം ശക്തം

ധവാന് പകരം ടീമില്‍ ഉള്‍പ്പെടുത്തി എന്നതിനാല്‍ സഞ്ജുവിനോട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ആവശ്യപ്പെടണം എന്ന് ബിജു ജോര്‍ജ് പറയുന്നു
വിന്‍ഡിസ്vs ഇന്ത്യയോ, അതോ സഞ്ജുvsപന്തോ? രോഹിത്തിനൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യണമെന്ന വാദം ശക്തം

ശിഖര്‍ ധവാന് പകരം ഇന്ത്യന്‍ ടീമിലേക്ക് എത്തിയ സഞ്ജു സാംസണിനെ വിന്‍ഡിസിനെതിരെ ഓപ്പണറായി ഇറക്കണമെന്ന് സഞ്ജുവിന്റെ കോച്ച് ബിജു ജോര്‍ജ്. വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ തന്നെ സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കണമെന്നും, ധവാന് പകരം ടീമില്‍ ഉള്‍പ്പെടുത്തി എന്നതിനാല്‍ സഞ്ജുവിനോട് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ആവശ്യപ്പെടണം എന്ന് ബിജു ജോര്‍ജ് പറയുന്നു. 

ആത്മവിശ്വാസവും, ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നതുമാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ്. രഞ്ജി ട്രോഫിയില്‍ ഒരിക്കല്‍ സഞ്ജു പുറത്തായ വിധവും, തൊട്ടടുത്ത ഇന്നിങ്‌സില്‍ അതിജീവിച്ച വിധവും ബിജു ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ ഷോര്‍ട്ട് ബിച്ച് ഡെലിവറിയില്‍ എഡ്ജ് ആയി സഞ്ജു പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സമാനമായ ഡെലിവറി സഞ്ജു ബൗണ്ടറി കടത്തി, മോശം വിക്കറ്റായിട്ടും 70 റണ്‍സ് നേടി. 

പെട്ടെന്ന് കാര്യങ്ങള്‍ പഠിക്കാനും, അതിനോട് ഇണങ്ങാനും സഞ്ജുവിന് സാധിക്കും എന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും ബിജു ജോര്‍ജ് പറഞ്ഞു. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ഒരു കളി മാത്രമാണ് സഞ്ജു കളിച്ചത്. രഹാനെയ്ക്ക് കീഴില്‍ സിംബാബ്വെയ്‌ക്കെതിരെയായിരുന്നു അത്. അന്ന് 19 റണ്‍സ് നേടി സഞ്ജു പുറത്തായി. 

ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20. രണ്ടാമത്തെ ട്വന്റി20 തിരുവനന്തപുരത്തും, മൂന്നാമത്തേക് മുംബൈയിലും നടക്കും. പിന്നാലെ മൂന്ന് ഏകദിനങ്ങളും വിന്‍ഡിസ് ഇന്ത്യയില്‍ കളിക്കും. ഒരു ട്വന്റി20യില്‍ എങ്കിലും സഞ്ജുവിനെ ഇറക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

രോഹിത് ശര്‍മയ്‌ക്കൊപ്പം ആറാം തിയതി സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയാല്‍ സഞ്ജുവിന്റെ ആരാധകര്‍ക്ക് അതില്‍പ്പരം സന്തോഷമുണ്ടാവാനില്ല. പന്തിന്റെ ടീമിലെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താതെയാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എങ്കിലും സഞ്ജുവില്‍ നിന്ന് മികച്ച പ്രകടനം വന്നാല്‍ പന്തിന്റെ ടീമിലെ സ്ഥാനത്തിന് ഭീഷണിയാവും. ഓപ്പണറായി സഞ്ജു ഇറങ്ങിയാല്‍ പന്തിനേക്കാള്‍ കൂടുതല്‍ ഡെലിവറികള്‍ നേരിടാന്‍ ഒരുപക്ഷേ സഞ്ജുവിന് കഴിഞ്ഞേക്കും. ടെസ്റ്റിലാണെങ്കില്‍ പന്തിന്റെ സ്ഥാനം സാഹ പരുങ്ങലിലാക്കി കഴിഞ്ഞു. 

പന്തിന്റേയും സഞ്ജുവിന്റേയും പ്രകടനം വിലയിരുത്തിയാവും ധോനിയെ ലോകകപ്പിന് മുന്‍പ് ടീമിലേക്ക് തിരികെ വിളിക്കണമോ എന്നതില്‍ തീരുമാനമാവുക. അങ്ങനെ വരുമ്പോള്‍ വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പര സഞ്ജുവിനും പന്തിനും, ധോനിക്കും നിര്‍ണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com