അങ്കം ഇന്ന് തുടങ്ങും; കോഹ് ലി മുതല്‍ കോട്രല്‍ വരെ, ഹൈദരാബാദില്‍ ഈ അഞ്ച് പേരെ ശ്രദ്ധിക്കണം

അങ്ങനെ പോര് കനക്കുമ്പോള്‍ ഈ അഞ്ച് കളിക്കാരുടെ പ്രകടനം നിര്‍ണായകമായേക്കും...
അങ്കം ഇന്ന് തുടങ്ങും; കോഹ് ലി മുതല്‍ കോട്രല്‍ വരെ, ഹൈദരാബാദില്‍ ഈ അഞ്ച് പേരെ ശ്രദ്ധിക്കണം

ഹൈദരാബാദ്: വിന്‍ഡിസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20ക്കായി ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയിലെ യുവ താരങ്ങളിലേക്ക് തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നത്തെ കളിയിലും തുടരും. വിന്‍ഡിസാവട്ടെ തങ്ങളുടെ മണ്ണില്‍ വെച്ച് ഇന്ത്യ ഏല്‍പ്പിച്ച പ്രഹരത്തിന് തിരിച്ചടി നല്‍കുകയാവും ലക്ഷ്യം വയ്ക്കുക. 

പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ച് തുടങ്ങാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ രോഹിത്തും കോഹ് ലിയും തമ്മില്‍ ഒന്നാമതെത്താനുള്ള പോരും അവിടെ നടക്കുന്നുണ്ട്. ട്വന്റി20യിലെ റണ്‍വേട്ടയില്‍ രോഹിത്തിനെ പിന്നിലാക്കാനാണ് കോഹ് ലിയുടെ ശ്രമം വരിക. അങ്ങനെ പോര് കനക്കുമ്പോള്‍ ഈ അഞ്ച് കളിക്കാരുടെ പ്രകടനം നിര്‍ണായകമായേക്കും...

കോഹ് ലി

ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പരയില്‍ നിന്ന് വിട്ട് നിന്ന ശേഷമാണ് കോഹ് ലി വരുന്നത്. ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്താനുള്ള കളിയും, കോഹ് ലിയുടെ ഇപ്പോഴത്തെ ഫോമും പരിഗണിക്കുമ്പോള്‍ മികച്ച ഇന്നിങ്‌സ് ഇന്ത്യന്‍ നായകനില്‍ നിന്ന് പ്രതീക്ഷിക്കാം. 

ദീപക് ചഹര്‍

ലോകകപ്പിന് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ഊട്ടിയുറപ്പിക്കാനാവും ദീപക് ചഹറിന്റെ ശ്രമം. വിന്‍ഡിസിനെതിരേയും കളിയുടെ ഗതി തിരിക്കാന്‍ ദീപക് ചഹറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടി പുറത്തെടുത്ത മികവ് തുടരാനായാല്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തില്‍ ദീപക്കിന് സ്ഥാനം ഉറപ്പിക്കാം. 

രാഹുല്‍

ധവാന് പരിക്കേറ്റതോടെ സുവര്‍ണാവസരമാണ് രാഹുലിന് ഓപ്പണിങ്ങില്‍ ലഭിക്കുക. ധവാന്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് വന്നാല്‍ പോലും ഓപ്പണിങ്ങില്‍ തന്നെ പരിഗണിക്കണം എന്ന സന്ദേശം സെലക്ടര്‍മാര്‍ക്ക് നല്‍കുക എന്ന ലക്ഷ്യവും രാഹുലിന് മുന്‍പിലുണ്ടാവും. ഇത്തവണയും പരാജയപ്പെട്ടാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക എന്നത് രാഹുലിന് എളുപ്പമാവില്ല. 

പൊള്ളാര്‍ഡ് 

നായകത്വത്തിന്റെ അധിക ഭാരവുമായാണ് പൊള്ളാര്‍ഡ് ഇത്തവണ ഇന്ത്യയിലെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരെ 2-1ന് ട്വന്റി20 പരമ്പര തോറ്റതിന്റെ ക്ഷീണമുണ്ട് വിന്‍ഡിസിന്. പൊളളാര്‍ഡിന്റെ ഓള്‍റൗണ്ട് മികവും, ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കളിച്ചതിന്റെ അനുഭവവും പൊള്ളാര്‍ഡിനെ തുണയ്ക്കും. 

ഷെല്‍ഡന്‍ കോട്രല്‍ 

കോഹ് ലിക്കും രോഹിത്തിനും പ്രധാന ഭീഷണി തീര്‍ക്കുന്നത് ഷെല്‍ഡന്‍ കോട്രലാവും. ഇടംകയ്യന്‍ സീമര്‍ക്ക് മുന്‍പില്‍ ഇന്ത്യന്‍ മുന്‍ നിര വിറച്ചാല്‍ തുടക്കം ഇന്ത്യയ്ക്ക് പ്രയാസകരമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com