ട്വന്റി20 ലോകകപ്പിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ഗാംഗുലി, കോഹ് ലിയേയും ശാസ്ത്രിയേയും അറിയിക്കും

'ട്വന്റി20യില്‍ നമ്മള്‍ ചെയ്‌സ് ചെയ്യുന്നതില്‍ മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന കളികളിലും മികവ് കാണിക്കാനാവണം'
ട്വന്റി20 ലോകകപ്പിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ഗാംഗുലി, കോഹ് ലിയേയും ശാസ്ത്രിയേയും അറിയിക്കും

കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ പോരിനിറങ്ങാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വ്യക്തമായ ധാരണകളും, പദ്ധതികളും തനിക്കുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തന്റെ ആശയങ്ങള്‍ കോഹ് ലിയേയും രവി ശാസ്ത്രിയേയും അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു. 

ട്വന്റി20യില്‍ നമ്മള്‍ ചെയ്‌സ് ചെയ്യുന്നതില്‍ മികവ് കാണിക്കുന്നുണ്ട്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന കളികളിലും മികവ് കാണിക്കാനാവണം. എന്റെയുള്ളില്‍ ചില ആശയങ്ങളുണ്ട്. അത് കോഹ് ലിയുമായും ശാസ്ത്രിയുമായും ടീം മാനേജ്‌മെന്റുമായും ചര്‍ച്ച ചെയ്യും. നമ്മള്‍ അധികം രാജ്യാന്തര ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്നില്ല. ലോകകപ്പ് ആവുമ്പോഴേക്കും നമ്മള്‍ എല്ലാ അര്‍ഥത്തിലും തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു. 

എന്നാല്‍, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തനിക്കുള്ളിലുള്ള ആശയങ്ങളെ കുറിച്ച് വെളിപ്പെടുത്താന്‍ ഗാംഗുലി തയ്യാറായില്ല. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നമ്മള്‍ മികവ് കാണിച്ചു. ന്യൂസിലാന്‍ഡിലും ജയിക്കാന്‍ കഴിയുന്ന ടീം നമുക്കുണ്ട്. വിദേശത്ത് ഇങ്ങനെ ജയം പിടിക്കാന്‍ സാധിക്കുന്ന ടീം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം, പുസ്തക പ്രകാശന ചടങ്ങിനിടയില്‍ ഗാംഗുലി പറഞ്ഞു. 

പ്രിയപ്പെട്ട സിനിമയെ കുറിച്ചും നടനെ കുറിച്ചുമെല്ലാം ഇവിടെ കാണികള്‍ക്കിടയില്‍ നിന്ന് ഗാംഗുലിക്ക് നേരെ ചോദ്യമെത്തി. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഷോലെ എന്നാണ് ഗാംഗുലി മറുപടി നല്‍കിയത്. അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് കഥാപാത്രമാകാനാണ് ഇഷ്ടം എന്നതായിരുന്നു മറ്റൊരു ചോദ്യം. ഷോലെയിലെ അമിതാഭ് ബച്ചന്റെ കഥാപാത്രായ ഗബ്ബാര്‍ സിങ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്ക് ആ കഥാപാത്രമായി അഭിനയിക്കാന്‍ സാധിക്കുമെന്നല്ല, പക്ഷേ ആ കഥാപാത്രമാണ് ഷോലെ എന്ന സിനിമയ്ക്ക് ആ കരുത്ത് നല്‍കുന്നതെന്ന് ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com