ഒടുവില്‍ കളിച്ചത് 2009ല്‍, പത്ത് വര്‍ഷത്തിന് ശേഷം ഫവദ് അലം പാക് ടീമില്‍; ടെസ്റ്റ് ക്രിക്കറ്റ് തിരികെ എത്തിയെന്ന് ആരാധകര്‍

ഈ വര്‍ഷം അവസരം ലഭിച്ചില്ലെങ്കില്‍ എനിക്കൊന്നുമില്ല, അടുത്ത വര്‍ഷവും ഞാന്‍ മികച്ച പ്രകടനം നടത്തും, അഫ്രീദിയുമായി ഈയടുത്ത് നടന്ന അഭിമുഖത്തില്‍ ഫവദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
ഒടുവില്‍ കളിച്ചത് 2009ല്‍, പത്ത് വര്‍ഷത്തിന് ശേഷം ഫവദ് അലം പാക് ടീമില്‍; ടെസ്റ്റ് ക്രിക്കറ്റ് തിരികെ എത്തിയെന്ന് ആരാധകര്‍

പത്ത് വര്‍ഷം ടീമില്‍ ഇടം ലഭിക്കാതിരുന്ന താരം. ഇടം ലഭിക്കാത്തതിന്റെ നിരാശയും മുന്‍പിലെത്തിയ പ്രതിസന്ധികളും പ്രചോദനമായി മാറ്റിയ താരം. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചപ്പോള്‍ ഫവദ് അലം എന്ന മുപ്പത്തിനാലുകാരനും ടീമില്‍ ഇടംപിടിച്ചു. പത്ത് വര്‍ഷവും ഒരു മാസവും തുടര്‍ന്ന കഠിനാധ്വാനത്തിന്റെ ഫലം. 

ടെസ്റ്റില്‍ പാക് ബാറ്റ്‌സ്മാന്മാരില്‍ നിന്നും വേണ്ട പ്രകടനം വരാതെ വന്നതോടെയാണ് ഫവദിന് വിളി വരുന്നത്. 10 വര്‍ഷം മുന്‍പ് ഫവദ് തന്റെ അവസാന ടെസ്റ്റ് കളിക്കുമ്പോള്‍ സമകാലിന ടെസ്റ്റ് ക്രിക്കറ്റിലെ അധികായകരായ കോഹ് ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറിയിട്ട് പോലുമില്ല. സച്ചിന്റെ വിരമിക്കലിനെ കുറിച്ച് നമ്മള്‍ സംസാരിച്ച് തുടങ്ങിയിട്ടുമില്ല. 2009 നവംബറിലാണ് ഫവദ് അവസാനമായി പാകിസ്ഥാന് വേണ്ടി പാഡണിഞ്ഞത്. 

ഈ വര്‍ഷം അവസരം ലഭിച്ചില്ലെങ്കില്‍ എനിക്കൊന്നുമില്ല, അടുത്ത വര്‍ഷവും ഞാന്‍ മികച്ച പ്രകടനം നടത്തും, അഫ്രീദിയുമായി ഈയടുത്ത് നടന്ന അഭിമുഖത്തില്‍ ഫവദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. പാകിസ്ഥാന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 12000ല്‍ അധികം റണ്‍സ് കണ്ടെത്തിയതിന് പിന്നാലെയാണ് ഫവദിനെ അവഗണിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തുന്നത്. 

ഇഫ്തിക്കര്‍ അഹ്മദിന് പകരമാണ് ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ സംഘത്തിലേക്ക് ഫവദ് എത്തിയത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 44 റണ്‍സ് മാത്രമാണ് ഇഫ്തിക്കറിന് കണ്ടെത്താനായത്. 2009ല്‍ തന്റെ അവസാന രാജ്യാന്തര ടെസ്റ്റ് കളിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 26 സെഞ്ചുറികളാണ് ഫവദിന്റെ ബാറ്റില്‍ നിന്നും വന്നത്. ബാറ്റിങ് ശരാശരി 56.58. അര്‍ധ ശതകങ്ങള്‍ 33. ഉയര്‍ന്ന സ്‌കോര്‍ 224.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com