കോഹ് ലിയുടെ വീഗന്‍ ഡയറ്റ്, തേങ്ങ വറുത്തരച്ച കോഴിക്കറി; ഇന്ത്യ, വിന്‍ഡിസ് താരങ്ങള്‍ക്കായി ഒരുങ്ങുന്ന വിഭവങ്ങള്‍

പ്രഭാത ഭക്ഷണത്തിന് പശുവിന്‍ പാലിന് പകരം കോഹ് ലിക്ക് ബദാം പാല്‍ അല്ലെങ്കില്‍ സോയാബീനിന്റെ പാലാണ് നല്‍കുക
കോഹ് ലിയുടെ വീഗന്‍ ഡയറ്റ്, തേങ്ങ വറുത്തരച്ച കോഴിക്കറി; ഇന്ത്യ, വിന്‍ഡിസ് താരങ്ങള്‍ക്കായി ഒരുങ്ങുന്ന വിഭവങ്ങള്‍

തിരുവനന്തപുരം: കേരളത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എത്തുമ്പോള്‍ കളിക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്ലാതെ കളി അവസാനിക്കില്ല. ഇത്തവണ കോഹ് ലിയുള്‍പ്പെടെയുള്ളവര്‍ പിന്തുടരുന്ന വീഗന്‍ ഡയറ്റാണ് താരം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്ക് വേണ്ടി ഒരുങ്ങുന്ന വിഭവങ്ങള്‍ ഇവയാണ്...

മത്സ്യ, മാംസങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നതാണ് വീഗന്‍ ഡയറ്റ്. പാല്‍, തൈര്, നെയ്യ്, മാംസം, മത്സ്യം എന്നിവ ഒഴിവാക്കുന്നു. ഇലക്കറികളും, പച്ചക്കറികളും മാത്രം ഉള്‍പ്പെടുത്തിയ ഭക്ഷണ രീതിയാണ് ഇത്. ടോഫുവാണ് കോഹ് ലിയുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. 

കോഹ് ലിക്കായി ഒരുക്കുന്ന കേരള സദ്യയിലും തൈരും നെയ്യും ഉള്‍പ്പെടില്ല. പ്രഭാത ഭക്ഷണത്തിന് പശുവിന്‍ പാലിന് പകരം കോഹ് ലിക്ക് ബദാം പാല്‍ അല്ലെങ്കില്‍ സോയാബീനിന്റെ പാലാണ് നല്‍കുക. ഒപ്പം ഗ്ലൂട്ടണ്‍ ഫ്രീ ബ്രഡും. പച്ചമാങ്ങയും, അവക്കാഡോയും ചേര്‍ത്തുള്ള വെജിറ്റബിള്‍ സാലഡും കോഹ് ലിയുടെ ഡയറ്റില്‍ ഇടംപിടിക്കുന്നു. 

കഴിഞ്ഞ തവണ കോഹ് ലി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സുക്കിനി, ബ്രോക്കൊളി, ബേബി കോണ്‍, ബെല്‍ പെപ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണമാണ് ഇന്ത്യന്‍ നായകന് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. സമുദ്ര വിഭവങ്ങളും, കായല്‍ വിഭവങ്ങളും അടങ്ങിയ ഭക്ഷണമാണ് മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുങ്ങുന്നത്. ടൈഗര്‍ പ്രോണ്‍സ്,, മഡ് ക്രാബ്, ലോബ്‌സ്റ്റര്‍ എന്നിവയില്‍ നിന്നുള്ള വിഭവങ്ങള്‍ക്കാണ് മറ്റ് താരങ്ങള്‍ക്കിടയില്‍ പ്രിയം. 

കാഞ്ഞിരോട്ടു കായലിലെ കരിമീന്‍, ചെമ്പല്ലി എന്നിവയും താരങ്ങള്‍ക്ക് മുന്‍പിലെത്തും. കരിമീനും ഞണ്ടുമാണ് രവി ശാസ്ത്രിയുടെ ഇഷ്ട വിഭവം. ചിക്കന്‍ വിഭവങ്ങളോടാണ് കുല്‍ദീപിനും, ഭുവിക്കും പ്രിയം. തേങ്ങാ വറുത്തരച്ച കോഴിക്കറി മുതല്‍ മറ്റ് ഉത്തരേന്ത്യന്‍ രുചികൂട്ടുകളും അവര്‍ക്ക് വേണ്ടി ഒരുങ്ങുന്നു. 

അധികം മസാല അടങ്ങാത്ത വിഭവങ്ങളാണ് വിന്‍ഡിസ് താരങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്നത്. സ്‌നാപ്പര്‍, നെയ്മീന്‍ എന്നിവ ഗ്രില്‍ ചെയ്തതും വിന്‍ഡിസ് കളിക്കാരുടെ തീന്‍മേശയ്ക്ക് മുന്‍പിലേക്കെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com