'ഫീല്‍ഡിങ് ഇങ്ങനെയാണെങ്കില്‍ റണ്‍സ് എത്ര അടിച്ചുകൂട്ടിയാലും കാര്യമില്ല'; സഹ താരങ്ങളെ വിമര്‍ശിച്ച് കോഹ്‌ലി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടീമംഗങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
'ഫീല്‍ഡിങ് ഇങ്ങനെയാണെങ്കില്‍ റണ്‍സ് എത്ര അടിച്ചുകൂട്ടിയാലും കാര്യമില്ല'; സഹ താരങ്ങളെ വിമര്‍ശിച്ച് കോഹ്‌ലി

തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടീമംഗങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തെ വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ആദ്യ പോരാട്ടം വിജയിച്ച് മുന്നില്‍ നിന്ന ഇന്ത്യക്കെതിരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരം വിജയിച്ച് വിന്‍ഡീസ് സമനില പിടിച്ചിരുന്നു. തോല്‍വിക്ക് പിന്നാലെയാണ് സഹ താരങ്ങളുടെ ഫീല്‍ഡിങ് പ്രകടനത്തെ വിലയിരുത്തി ക്യാപ്റ്റന്‍ രംഗത്തെത്തിയത്.

ഒരോവറില്‍ രണ്ട് ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങളുടെ കൈകളില്‍ നിന്ന് ചോര്‍ന്നത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ വാഷിങ്ടണ്‍ സുന്ദറും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമാണ് ക്യാച്ചുകള്‍ കൈവിട്ടത്. ലെന്‍ഡല്‍ സിമ്മണ്‍സ് (45 പന്തില്‍ 67), എവിന്‍ ലൂയീസ് (35 പന്തില്‍ 40), നിക്കോളാസ് പുരന്‍ (18 പന്തില്‍ 38) എന്നിവരുടെ മികച്ച ബാറ്റിങ് കരുത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിനാണ് വിജയം പിടിച്ചത്.

'ദയനീയമായിരുന്നു ഫീല്‍ഡിങ്. ഇത്തരത്തിലാണ് പ്രകടനങ്ങളെങ്കില്‍ ഈ റണ്‍സൊന്നും മതിയാകില്ല പ്രതിരോധിക്കാന്‍. റണ്‍സ് എത്ര അടിച്ചുകൂട്ടിയിട്ടും ഒരു കാര്യവുമില്ല. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഫീല്‍ഡിങ് മോശമായിരുന്നു. ഒരോവറില്‍ തന്നെ രണ്ട് ക്യാച്ചുകളാണ് നമ്മള്‍ വിട്ടു കളഞ്ഞത്. ആ രണ്ട് ക്യാച്ചുകളും എടുത്തിരുന്നെങ്കില്‍ വിന്‍ഡീസിന് സമ്മര്‍ദ്ദമുണ്ടാകുമായിരുന്നു'- കോഹ്‌ലി പറഞ്ഞു.

'ഫീല്‍ഡിങില്‍ ടീം കുറച്ചു കൂടി ജാഗ്രത കാട്ടേണ്ടതുണ്ട്. പ്രത്യേകിച്ച് പരമ്പര നിര്‍ണയിക്കപ്പെടുന്ന, മുംബൈയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍. രണ്ടാം മത്സരത്തില്‍ ആദ്യ 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന മികച്ച സ്‌കോറിലായിരുന്നു നമ്മള്‍. എന്നാല്‍ അവസാന നാല് ഓവറുകളില്‍ വിചാരിച്ച രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. അവസാന നാല് ഓവറുകളില്‍ 40-45 റണ്‍സ് വേണ്ട സ്ഥാനത്ത് 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഈയൊരു കാര്യത്തില്‍ സഹ താരങ്ങള്‍ ശ്രദ്ധ നല്‍ക്കേണ്ടതുണ്ട്'- കോഹ്‌ലി വ്യക്തമാക്കി.

മികച്ച പ്രകടനം നടത്തിയ ശിവം ഡുബെയുടെ ബാറ്റിങ് മികവിനെ കോഹ്‌ലി അഭിനന്ദിച്ചു. ഡുബെയുടെ ബറ്റിങാണ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചതെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com