തിരുവനന്തപുരത്ത് ഇന്ത്യ വിജയം 'കൈവിട്ടു'; വിന്‍ഡീസ് തകര്‍ത്താടി

171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒരോവറും മൂന്നും പന്തും ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു
തിരുവനന്തപുരത്ത് ഇന്ത്യ വിജയം 'കൈവിട്ടു'; വിന്‍ഡീസ് തകര്‍ത്താടി

തിരുവനന്തപുരം: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ആധികാരിക വിജയം.  171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒരോവറും മൂന്നും പന്തും ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഓപ്പണിങ് കൂട്ടുകെട്ടു മുതല്‍ ശ്രദ്ധയോടെ ബാറ്റേന്തിയ വിന്‍ഡീസിനെ തളക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്നു ട്വന്റി20 അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇനി ബുധനാഴ്ച്ച മുംബൈയില്‍ നടക്കുന്ന മൂന്നാം ട്വന്റി20യില്‍ പരമ്പര വിജയികളെ തീരുമാനിക്കും. 

സിമ്മണ്‍സും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സാണ് നേടിയത്.   ലൂയിസ് 35 പന്തില്‍ 40 റണ്‍സ് അടിച്ചപ്പോള്‍ 45 പന്തില്‍ 67 റണ്‍സുമായി സിമ്മണ്‍സ് പുറത്താകാതെ നിന്നു. ഹെറ്റ്‌മെയര്‍ 23 റണ്‍സെടുത്ത് ക്രീസ് വിട്ടു. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുറന്‍ 18 പന്തില്‍ 38 റണ്‍സ് അടിച്ച് വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു നിക്കോളാസിന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ് മാത്രമാണ്. 

സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെത്തിയപ്പോഴേക്ക് കെഎല്‍ രാഹുല്‍ പുറത്തായി. രോഹിതിനും അധികം ആയുസുണ്ടായിരുന്നില്ല. ഇതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി.രണ്ടാം വിക്കറ്റ് വീണതിനുശേഷമെത്തിയ യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ക്കുകയായിരുന്നു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്.   അന്താരാഷ്ട്ര ട്വന്റി20യില്‍ ദ്യൂബയുടെ ആദ്യ അര്‍ധ സെഞ്ചുറി. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ദ്യൂബയെ വാല്‍ഷ് പുറത്താക്കി. ഹെറ്റ്‌മെയര്‍ക്കാണ് ക്യാച്ച്. 

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കെയാണ് കോലി പുറത്തായത്. 17 പന്തില്‍ 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്ക് ശ്രേയസ് അയ്യരും ക്രീസ് വിട്ടു. 11 പന്തില്‍ നേടിയത് 10 റണ്‍സ്. രവീന്ദ്ര ജഡേജയുടെ പ്രതീക്ഷ കാത്തില്ല. 11 പന്തില്‍ ഒമ്പത് റണ്‍സുമായി വില്ല്യംസിന്റെ പന്തില്‍ ബൗള്‍ഡ്. തൊട്ടുപിന്നാലെ വാഷിങ്ടണ്‍ സുന്ദറും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്.  ഒരു റണ്ണോടെ ദീപക് ചാഹറും 22 പന്തില്‍ 33 റണ്‍സുമായി ഋഷഭ് പന്തും പുറത്താകാതെ നിന്നു. വിന്‍ഡീസിനായി വില്ല്യംസും വാല്‍ഷും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com