ഫിറ്റ്‌നസ് ഭ്രാന്ത് കോഹ് ലിയില്‍ നിറച്ചത് ദീപിക പള്ളിക്കല്‍; ഇന്ത്യന്‍ മുന്‍ ട്രെയ്‌നറുടെ വെളിപ്പെടുത്തല്‍

സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലേക്ക് കോഹ് ലിയുടെ ശ്രദ്ധ മുഴുവന്‍ എത്തിച്ചത്
ഫിറ്റ്‌നസ് ഭ്രാന്ത് കോഹ് ലിയില്‍ നിറച്ചത് ദീപിക പള്ളിക്കല്‍; ഇന്ത്യന്‍ മുന്‍ ട്രെയ്‌നറുടെ വെളിപ്പെടുത്തല്‍

മുംബൈ: ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ലോകത്തിന് മാതൃകയുമാണ് ഇന്ത്യയുടെ റണ്‍മെഷീന്‍. എല്ലാവര്‍ക്കും കോഹ് ലി പ്രചോദനമാവുമ്പോള്‍ ഈ വിധം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കോഹ് ലിയെ പ്രചോദിപ്പിച്ചത് ആരെന്ന് അറിയണ്ടേ? 

ഉത്തരം പലര്‍ക്കും ഞെട്ടലാവുമെന്ന് ഉറപ്പ്. വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടോ, ടെന്നീസ് കോര്‍ട്ടിലെ പോരാളി ജോക്കോവിച്ചോ അല്ല കോഹ് ലിയെ പ്രചോദിപ്പിച്ചത്. ഇന്ത്യയുടെ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലേക്ക് കോഹ് ലിയുടെ ശ്രദ്ധ മുഴുവന്‍ എത്തിച്ചത്. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യയാണ് ദീപിക. ഇന്ത്യന്‍ ടീമിന്റെ മുന്‍ ട്രെയ്‌നറായ ശങ്കര്‍ ബസുവാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം ഐപിഎല്ലിന്റെ സമയം മാത്രമാണ് ട്രെയ്ന്‍ ചെയ്തിരുന്നത്. ദീപിക പള്ളിക്കള്‍ ട്രെയ്ന്‍ ചെയ്യുന്നത് കണ്ടതാണ് കോഹ് ലിയെ പ്രചോദിപ്പിച്ചത്. വ്യക്തിഗത കായിക ഇനത്തില്‍ ഒരു താരം എത്രമാത്രം കഠിനാധ്വാനം ചെയ്യണം എന്ന് കോഹ് ലി ദീപികയെ കണ്ടാണ് മനസിലാക്കിയത്, ശങ്കര്‍ ബസു പറയുന്നു. 

ദീപിക നടത്തുന്ന കഠിനാധ്വാനത്തെ കുറിച്ച് മനസിലാക്കിയ കോഹ് ലി ചോദിച്ചു, എന്തുകൊണ്ട് എനിക്കും അത് പോലെ ചെയ്തുകൂടാ? ഫിറ്റ്‌നസിന് പരിധിയില്ല. ഉസൈന്‍ ബോള്‍ട്ടും, ജോക്കോവിച്ചുമാവണം നിങ്ങളുടെ റോള്‍ മോഡലുകള്‍ എന്നാണ് ഞാന്‍ കോഹ് ലിയോട് പറഞ്ഞിരുന്നത്. കൂടുതല്‍ മികവാണ് കോഹ് ലി എപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. ഒരുപാട് ദൂരം ഇനിയും കോഹ് ലിക്ക് മുന്നോട്ട് പോകാനുണ്ടെന്ന് ഇന്ത്യയുടെ മുന്‍ ഫിറ്റ്‌നസ് പരിശീലകന്‍ പറയുന്നു. 

2010ല്‍ ഇന്ത്യയ്ക്ക് വേണ്ടി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ദീപിക പള്ളിക്കള്‍. ഇന്ത്യന്‍ മുന്‍ വനിതാ ക്രിക്കറ്റ് താരം സുസന്‍ പള്ളിക്കലിന്റെ മകളാണ് ദീപിക. 2015ലായിരുന്നു ദിനേശ് കാര്‍ത്തിക്കുമായുള്ള വിവാഹം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com