2018ല്‍ ബാറ്റിങ് ശരാശരി 16.28, 2019ല്‍ 21; ധോനിയുടെ പിന്‍ഗാമിയാവാന്‍ യാത്ര, ആയിത്തീര്‍ന്നത് ഡൊണാള്‍ഡ് ഡക്ക് എന്ന് ആരാധകര്‍

വാങ്കഡെയില്‍ വെടിക്കെട്ടുമായി രോഹിത്തും, രാഹുലും കോഹ് ലിയും നിറഞ്ഞപ്പോള്‍ രണ്ട് ഡെലിവറികള്‍ നേരിട്ട പന്ത് പൂജ്യത്തിന് പുറത്തായി
2018ല്‍ ബാറ്റിങ് ശരാശരി 16.28, 2019ല്‍ 21; ധോനിയുടെ പിന്‍ഗാമിയാവാന്‍ യാത്ര, ആയിത്തീര്‍ന്നത് ഡൊണാള്‍ഡ് ഡക്ക് എന്ന് ആരാധകര്‍

വാങ്കഡെ: ധോനിയുടെ പിന്‍ഗാമി എന്ന പേരില്‍ വാഴ്ത്തിപ്പാടലുകള്‍ ലഭിച്ചിട്ടും, മറ്റാര്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ മുന്‍പിലേക്ക് എത്തിയിട്ടും യുവതാരം റിഷഭ് പന്തിന് താളം കണ്ടെത്താനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയിയെ നിര്‍ണയിക്കുന്ന ട്വന്റി20യില്‍ മറ്റെല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും അടിച്ചു കളിച്ചപ്പോള്‍ പന്തിന് ലഭിച്ചത് ഗോള്‍ഡന്‍ ഡക്ക്...ധോനിയുടെ പിന്മുറക്കാരനാവാന്‍ യാത്ര തിരിച്ചിട്ട് ആയിത്തീര്‍ന്നത് ഡൊണാള്‍ഡ് ഡക്ക് എന്നെല്ലാമാണ് പന്തിനെ പരിഹസിച്ച് ആരാധകര്‍ പറയുന്നത്. 

വാങ്കഡെയില്‍ വെടിക്കെട്ടുമായി രോഹിത്തും, രാഹുലും കോഹ് ലിയും നിറഞ്ഞപ്പോള്‍ രണ്ട് ഡെലിവറികള്‍ നേരിട്ട പന്ത് പൂജ്യത്തിന് പുറത്തായി. ബാറ്റിങ് ഓര്‍ഡറില്‍ മുന്‍പോട്ടു കയറ്റി മൂന്നാമതായാണ് വാങ്കഡെയില്‍ പന്തിനെ ഇറക്കിയത്. തുടക്കം മുതലെ അടിച്ചു കളിക്കാന്‍ ശ്രമിച്ച യുവതാരത്തെ ലോങ് ഓഫില്‍ വെച്ച് ഹോള്‍ഡര്‍ കൈക്കലാക്കി. 

പരമ്പരയില്‍ അത് രണ്ടാം വട്ടമായിരുന്നു തന്റെ മൂന്നാം സ്ഥാനം കോഹ് ലി യുവ താരങ്ങള്‍ക്കായി വിട്ടു നല്‍കിയത്. രണ്ടാം ട്വന്റി20യില്‍ ദുബെ കിട്ടിയ അവസരം മുതലെടുത്തു. പക്ഷേ പന്തിന് അതിനായില്ല. 2019ല്‍ 16 കളിയില്‍ നിന്ന് 21.00 ബാറ്റിങ് ശരാശരിയില്‍ 252 റണ്‍സാണ് പന്ത് സ്‌കോര്‍ ചെയ്തത്. 2018ലെ 8 കളിയില്‍ നിന്ന് 16.28 എന്ന ബാറ്റിങ് ശരാശരിയിലെ 114 റണ്‍സ് എന്ന  മോശം കളി ഈ വര്‍ഷം മുഴുവന്‍ പന്ത് തുടര്‍ന്നുവെന്ന് വ്യക്തം. 

സഞ്ജുവിനെ പോലൊരു താരം ഫോമില്‍ നില്‍ക്കുമ്പോള്‍ അവസരം നല്‍കാതെ തുടരെ പരാജയപ്പെടുന്ന പന്തിനെ ഇറക്കുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ടീം മാനേജ്‌മെന്റിനും, സെലക്ടര്‍മാര്‍ക്കും കൂസലില്ല. ലങ്കയ്‌ക്കെതിരായ ട്വന്റി20യോടെയാണ് ഇന്ത്യ 2020 ആരംഭിക്കുന്നത്. ആ സമയവും സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത വിരളമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com