ആ രാത്രിയുടെ പ്രത്യേകത, അത്രയും സ്‌പെഷ്യലായ സമ്മാനം, എന്റെ എക്കാലത്തേയും മികച്ച ഇന്നിങ്‌സില്‍ ഒന്ന്: കോഹ് ലി 

'ആദ്യം ബാറ്റ് ചെയ്യുന്നതിനെ കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. ഒരറ്റ് ഉറച്ച് നില്‍ക്കാനാണ് രാഹുലിനോട് നിര്‍ദേശിച്ചത്'
ആ രാത്രിയുടെ പ്രത്യേകത, അത്രയും സ്‌പെഷ്യലായ സമ്മാനം, എന്റെ എക്കാലത്തേയും മികച്ച ഇന്നിങ്‌സില്‍ ഒന്ന്: കോഹ് ലി 

വാങ്കഡെ: ആദ്യ രണ്ട് ട്വന്റി20യിലും കൂറ്റനടികളുമായി കളം നിറഞ്ഞ വിന്‍ഡിസിനെ മാനസീകമായി തളര്‍ത്തിയാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. ഓരോ ഡെലിവറിയിലും ഷോട്ടുതിര്‍ക്കണം എന്ന ചിന്തയില്‍ വിന്‍ഡിസ് കരുത്തന്മാര്‍ ബാറ്റ് വീശിയപ്പോള്‍ ആദ്യ മൂന്നോവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു...കോഹ് ലിയുടെ നായകത്വത്തിന്റെ മികവ് കൂടി അവസാന ട്വന്റി20യില്‍ കണ്ടു...

ആദ്യം ബാറ്റ് ചെയ്യുന്ന കളികളില്‍ ജയം പിടിക്കാന്‍ സാധിക്കുന്നില്ലെന്ന തലവേദനയും ഇന്ത്യ ഇവിടെ മറികടന്നു. ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ ക്യാച്ചുകളുമായി യുവതാരങ്ങളും മികവ് കാട്ടി. ഇങ്ങനെ സംഭവ ബഹുലമായിട്ടാണ് വിന്‍ഡിസിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ അതിനെല്ലാം ഇന്ത്യയെ പ്രാപ്തമാക്കിയതില്‍ നിര്‍ണായകമായത് കോഹ് ലിയുടെ ഇന്നിങ്‌സ് ആണ്..

29 പന്തില്‍ നിന്ന് 70 റണ്‍സ്. പറത്തിയത് നാല് ഫോറും ഏഴ് സിക്‌സും. സ്‌ട്രൈക്ക് റേറ്റ് 241.38. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്. രോഹിത്തിന്റേയും, രാഹുലിന്റേയും ഇന്നിങ്‌സിനൊപ്പം കോഹ് ലി ചേര്‍ന്നില്ലായിരുന്നു എങ്കില്‍ ഇങ്ങനെയൊരു കൂറ്റന്‍ സ്‌കോര്‍ വിന്‍ഡിസ് പടയ്ക്ക് മുന്‍പില്‍ ഉയര്‍ത്താന്‍ ഒരുപക്ഷേ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നില്ല. 

തന്റെ എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് വാങ്കഡെയില്‍ കണ്ടതെന്നാണ് കോഹ് ലി മത്സരത്തിന് ശേഷം പറഞ്ഞത്. 'ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷിക ദിനത്തിലാണ് അങ്ങനെയൊരു സ്‌പെഷ്യല്‍ ഇന്നിങ്‌സ് വരുന്നത്. വളരെ സ്‌പെഷ്യലായ സമ്മാനമാണ്, വളരെ പ്രത്യേകതകളുള്ള രാത്രിയാണ്', കോഹ് ലി പറഞ്ഞു. 

'ആദ്യം ബാറ്റ് ചെയ്യുന്നതിനെ കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. ഒരറ്റ് ഉറച്ച് നില്‍ക്കാനാണ് രാഹുലിനോട് നിര്‍ദേശിച്ചത്. ലോകകപ്പ് മുന്‍പിലേക്ക് വരുമ്പോള്‍ അതും പ്രചോദിപ്പിക്കുന്നു. രണ്ട് റോളുകള്‍ ഞാന്‍ വഹിക്കേണ്ടതുണ്ട്. അതിനാല്‍ എന്റെ പ്രകടനം നിര്‍ണായകമാകുന്നു. കുറച്ചുനാള്‍ ട്വന്റി20 കളിക്കാതിരുന്ന ശേഷം ഇതുപോലെ പ്രകടനവുമായി തിരിച്ചു വരുമ്പോള്‍ അത് സന്തോഷിപ്പിക്കുന്നു. പദ്ധതികള്‍ കളിക്കളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നതാണ് വിജയമെന്നും' കോഹ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com