'വിന്‍ഡീസ് ടീമിനെ വീണ്ടെടുക്കണം'; ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു
'വിന്‍ഡീസ് ടീമിനെ വീണ്ടെടുക്കണം'; ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

ട്രിനിഡാഡ് ആന്റ് ടുബഗോ: വെസ്റ്റിന്‍ഡീസ് മുന്‍ നായകനും ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ടി20 പോരാട്ടങ്ങളില്‍ വെസ്റ്റിന്‍ഡീസിനായി കളിക്കാനിറങ്ങാമെന്ന ചിന്തയിലാണ് അന്താരാഷ്ട്ര പോരാട്ടത്തിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നത്. 

2018ലാണ് താരം വിരമിച്ചത്. എന്നാല്‍ 2016 മുതല്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ ബ്രാവോ കളിച്ചിട്ടില്ല. 2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരായ ടി20 പോരാട്ടത്തിലാണ് ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്‌സി അണിഞ്ഞത്. 

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ബ്രാവോയടക്കമുള്ള താരങ്ങള്‍ക്ക് തിരിച്ചടിയായത്. വിന്‍ഡീസ് ടീമില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഐപിഎല്ലടക്കം ലോകത്തെ മികച്ച ടി20 ലീഗുകളില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റിന്റെ ഭരണ തലപ്പത്ത് മാറ്റങ്ങള്‍ വന്നതോടെയാണ് താന്‍ മടങ്ങി വരവിനപ്പറ്റി ചിന്തിച്ചതെന്ന് ബ്രാവോ പറയുന്നു. 

പരിശീലക സ്ഥാനത്ത് ഫില്‍ സിമ്മണ്‍സ് തിരികെ എത്തിയതും നായക സ്ഥാനത്ത് കെയ്‌റോണ്‍ പൊള്ളാര്‍ഡ് എത്തിയ പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണെന്ന് ബ്രാവോ പറയുന്നു. അതുകൊണ്ടു തന്നെ ടീമിലേക്കുള്ള മടങ്ങി വരവ് തനിക്ക് സാധിക്കുമെന്ന് തന്നെ ബ്രാവോ കരുതുന്നു. വിന്‍ഡീസിനായി വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ഏറെ പ്രത്യേകതയുള്ള കാര്യമായിരിക്കുമെന്നും ബ്രാവോ പറയുന്നു. 

വിന്‍ഡീസ് ടി20 ലോകത്തെ ഏറ്റവും കരുത്തുള്ള സംഘമായിരുന്നു. ആ ടീമിനെ വീണ്ടെടുക്കേണ്ടതുണ്ട്. കളത്തിനകത്തും പുറത്തും റാങ്കിങിലുമെല്ലാം മെച്ചപ്പടണം. ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ പൂര്‍ണമായ സമര്‍പ്പണമായിരിക്കും തന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നും ബ്രാവോ പറയുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ബ്രാവോ കൂട്ടിച്ചേര്‍ത്തു. 

വിന്‍ഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് 36കാരനായ ബ്രാവോയെ വിലയിരുത്തുന്നത്. വിന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും 66 ടി20 മത്സരങ്ങളും ബ്രാവോ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 6,310 റണ്‍സും 337 വിക്കറ്റുകളും താരം സ്വന്തമാക്കി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ബ്രാവോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com