ശതകവുമായി ഹെറ്റ്മെയറും ഹോപും; ഇന്ത്യയെ തകർത്ത് വിൻഡീസ്; ആദ്യ ഏകദിനത്തിൽ വിജയം

ഇന്ത്യക്കെതിരായ ആദ്യ ഏക​ദിന പോരാട്ടത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം
ശതകവുമായി ഹെറ്റ്മെയറും ഹോപും; ഇന്ത്യയെ തകർത്ത് വിൻഡീസ്; ആദ്യ ഏകദിനത്തിൽ വിജയം

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏക​ദിന പോരാട്ടത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് വിൻഡീസ് ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ വിന്‍ഡീസ് 47.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 291 റണ്‍സെടുത്ത് വിജയം പിടിച്ചു.

ഓപണര്‍ ഷായ് ഹോപ്, രണ്ടാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയര്‍ എന്നിവരുടെ ഉജ്ജ്വല സെഞ്ച്വറികളാണ് വിന്‍ഡീസ് വിജയം അനായാസമാക്കിയത്. 106 പന്തില്‍ ഏഴ് സിക്‌സും 11 ഫോറും സഹിതം 139 റണ്‍സുമായി ഹെറ്റ്‌മെയര്‍ വിജയത്തിന് അടിത്തറയിട്ടു. ഹോപ് 102 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഹോപിന്റെ സെഞ്ച്വറി. കളി ജയിക്കുമ്പോള്‍ നിക്കോളാസ് പൂരനായിരുന്നു ഹോപിനൊപ്പം ക്രീസില്‍. താരം 23 പന്തില്‍ 29 റണ്‍സെടുത്തു. ഹെറ്റ്‌മെയര്‍ക്ക് പുറമെ ആംബ്രിസ് ഒന്‍പത് റണ്‍സുമായി പുറത്തായി. ദീപക് ചഹര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

നേരത്തെ ടോസ് നേടി വെസ്റ്റിൻഡീസ് ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. മധ്യനിരയില്‍ റിഷഭ് പന്തും, ശ്രേയസ് അയ്യരും ചേര്‍ന്ന് തീര്‍ത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തുണച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഏഴ് ഓവറില്‍ തന്നെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ആറ് റണ്‍സെടുത്ത രാഹുലിനേയും നാല് റണ്‍സ് എടുത്ത കോഹ് ലിയേയും കോട്രല്‍ പുറത്താക്കി. 6.2 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 21ല്‍ നില്‍ക്കെ രാഹുലിനെ കോട്രല്‍ ഹെറ്റ്മയറിന്റെ കൈകളിലെത്തിച്ചു. കോട്രലിന്റെ സ്ലോ ഡെലിവറിയില്‍ ഫ്‌ലിക് ചെയ്യാനുള്ള രാഹുലിന്റെ ശ്രമം പാളുകയും പന്ത് എഡ്ജ് ചെയ്ത് ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് എത്തുകയുമായിരുന്നു.

ഔട്ട്‌സൈഡ് ഓഫായി എത്തിയ കോട്രലിന്റെ സ്ലോ ലെങ്ത് ബോളില്‍ തേര്‍ഡ് മാനിലേക്ക് ഷോട്ടുതിര്‍ക്കാനായിരുന്നു കോഹ് ലിയുടെ ശ്രമം. എന്നാല്‍ ഇന്‍സൈഡ് എഡ്ജായി പന്ത് ലെഗ് സ്റ്റംപ് ഇളക്കി. ഇന്ത്യന്‍ സ്‌കോര്‍ 83ലേക്ക് എത്തിയപ്പോഴേക്കും റണ്‍സ് എടുക്ക രോഹിത്തും മടങ്ങി.

ഇന്ത്യ തകര്‍ച്ച മുന്‍പില്‍ കണ്ടപ്പോള്‍ ഏകദിനത്തിലെ തന്റെ ആദ്യ അര്‍ധശതകം കണ്ടെത്തി റിഷഭ് പന്ത് ശ്രേയസ് അയ്യര്‍ക്കൊപ്പം പിടിച്ചു നിന്നു. റണ്‍റേറ്റ് കുറയാതെ ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ശ്രേയസ് അയ്യര്‍ 88 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്തും, റിഷഭ് പന്ത് 69 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്തും പുറത്തായി. അല്‍സാരി ജോസഫിന്റെ സ്ലോ ഡെലിവറിയില്‍ ഫ്‌ലിക് ചെയ്ത ശ്രേയസിന് പിഴച്ചു. മിഡ് വിക്കറ്റില്‍ പൊള്ളാര്‍ഡിന്റെ കൈകളിലേക്ക് എത്തി ശ്രേയസിന്റെ സെഞ്ചുറി പ്രതീക്ഷകള്‍ അവസാനിച്ചു.

അര്‍ധശതകം പിന്നിട്ട റിഷഭ് പന്തില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്ന മറ്റൊരു ഇന്നിങ്‌സ് പിറന്നത്.റണ്‍റേറ്റ് താഴാതെ സ്‌കോര്‍ കണ്ടെത്താന്‍ പന്തിനായി. 69 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയാണ് റിഷഭ് പന്ത് 71 റണ്‍സ് നേടിയത്. പൊള്ളാര്‍ഡിന്റെ ഡെലിവറിയില്‍ ഡിപ്പ് സ്‌ക്വയര്‍ ലെഗില്‍ ഹെറ്റ്മയറിന്റെ കൈകളിലേക്ക് പന്ത് എത്തുകയായിരുന്നു.

പന്തും ശ്രേയസും തൊട്ടടുത്ത് പുറത്തായതിന് പിന്നാലെ കേദര്‍ ജാദവും, രവീന്ദ്ര ജഡേജയും സിംഗിളുകളും ഡബിള്‍സും എടുത്താണ് അവസാന ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 35 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്ത കേദാര്‍ ജാദവിനെ കീമോ പോള്‍ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ രവീന്ദ്ര ജഡേജ റണ്‍ഔട്ടായി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ശിവം ദുബെയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com