'കുരങ്ങനെന്ന് വിളിച്ചു'; ഐഎസ്എല്ലിലും വംശീയാധിക്ഷേപം; വിവാദം

ഫുട്‌ബോള്‍ ലോകത്തെ വലിയ പ്രശ്‌നമാണ് കളിക്കളത്തില്‍ താരങ്ങള്‍ നേരിടേണ്ടി വരുന്ന വംശീയമായ അധിക്ഷേപങ്ങള്‍
'കുരങ്ങനെന്ന് വിളിച്ചു'; ഐഎസ്എല്ലിലും വംശീയാധിക്ഷേപം; വിവാദം

മുംബൈ: ഫുട്‌ബോള്‍ ലോകത്തെ വലിയ പ്രശ്‌നമാണ് കളിക്കളത്തില്‍ താരങ്ങള്‍ നേരിടേണ്ടി വരുന്ന വംശീയമായ അധിക്ഷേപങ്ങള്‍. സമീപ കാലത്ത് യൂറോപ്യന്‍ ഫുട്‌ബോളിലടക്കം ഇത് വലിയ തോതിലാണ് നടക്കുന്നത്. ഇതിനെതിരെ ഫിഫയടക്കം രംഗത്തുണ്ടെങ്കിലും കാര്യമായ മാറ്റം ഇപ്പോഴും വന്നിട്ടില്ല. 

അതിനിടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അത്തരത്തിലൊരു വിവാദമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ഐഎസ്എല്‍ പോരാട്ടത്തിനിടെ മുംബൈ സിറ്റി എഫ്‌സി താരം വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയുടെ പരിശീലകന്‍ ജോര്‍ജ് കോസ്റ്റ. 

ഇന്നലെ ബംഗളൂരു എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് വംശീയാധിക്ഷേപം ഉണ്ടായതെന്ന് പരിശീലകന്‍ പറയുന്നു. മുംബൈ സിറ്റിയുടെ വിദേശ താരമായ കെവിന്‍ സെര്‍ജെയെ മാച്ച് റഫറി വംശീയമായി അധിക്ഷേപിച്ചതായി പരിശീലകന്‍ പറയുന്നു. 

സൗദി അറേബ്യന്‍ റഫറിയായ തുര്‍കി അല്‍ഖുധയര്‍ മുംബൈയുടെ ഗാബോണ്‍ താരമായ സെര്‍ജെയെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചതായി കോസ്റ്റ പറയുന്നു. കുരങ്ങന്റെ ചേഷ്ടകള്‍ കാണിച്ച് താരത്തെ അപമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശീലകന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. 

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ലെന്നും ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി. വിഷയം സംബന്ധിച്ച് എഐഎഫ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com