സച്ചിന്റെ ആ ചോദ്യത്തിനുള്ള ഉത്തരം; ബാറ്റിങ് പിഴവ് തിരുത്തിയ വെയ്റ്റർ ഇവിടെയുണ്ട്

സച്ചിന്റെ ആ ചോദ്യത്തിനുള്ള ഉത്തരം; ബാറ്റിങ് പിഴവ് തിരുത്തിയ വെയ്റ്റർ ഇവിടെയുണ്ട്

കോഫിയുമായി ഹോട്ടൽ മുറിയിൽ കയറി വന്ന് ബാറ്റിങ്ങിലെ പിഴവു തിരിത്തിത്തന്ന ആളെ കണ്ടെത്താനുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ശ്രമം പാഴായില്ല

മുംബൈ: കോഫിയുമായി ഹോട്ടൽ മുറിയിൽ കയറി വന്ന് ബാറ്റിങ്ങിലെ പിഴവു തിരുത്തിത്തന്ന ആളെ കണ്ടെത്താനുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ശ്രമം പാഴായില്ല. വർഷങ്ങൾക്കു മുൻപ് കോഫിയുമായി വന്ന് തന്റെ ബാറ്റിങ് ടെക്നിക്കിലെ പിഴവു തിരുത്തിയ ആ അപരിചിതനെ കണ്ടെത്തിത്തരാമോ എന്ന് കഴിഞ്ഞ ദിവസം സച്ചിൻ ട്വിറ്ററിലൂടെ അന്വേഷിച്ചിരുന്നു. ആ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത്. 

ചെന്നൈയിലെ താമസത്തിനിടെ സച്ചിനെ സഹായിച്ച ഗുരുപ്രസാദ് എന്ന വെയ്റ്ററെ താജ് ഹോട്ടൽസ് തന്നെ സച്ചിനു കണ്ടെത്തി കൊടുത്തു. ഈ ഹോട്ടൽ വെയ്റ്ററെ കണ്ടെത്താനാണ് തന്റെ ആരാധകരോടും ട്വിറ്റർ ഫോളോവേഴ്സിനോടും സച്ചിൻ സഹായം തേടിയത്. ഇതിനു തൊട്ടടുത്ത ദിവസം താജ് ഹോട്ടൽസ് തന്നെ ആ ഹോട്ടൽ വെയ്റ്ററെ കണ്ടെത്തിയത്. ഇക്കാര്യം വെളിപ്പെടുത്തി അവർ സച്ചിനെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു.

ഗുരുപ്രസാദും സച്ചിനുമൊത്തുള്ള ചിത്രം പങ്കിട്ട് താജ് ഹോട്ടൽസ് സച്ചിന് നന്ദി പറഞ്ഞാണ് ട്വിറ്ററിൽ പോസ്റ്റിട്ടത്. ‘ചെന്നൈയിൽ താമസത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകനുമായി കണ്ടുമുട്ടിയ പഴയ ഓർമകൾ പങ്കുവച്ചതിന് ഹൃദ്യമായ നന്ദി സച്ചിൻ. താജ് ഹോട്ടൽസിന്റെ പാരമ്പര്യത്തെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഈ സഹപ്രവർത്തകർ ഞങ്ങളുടെ അഭിമാനമാണ്. താങ്കൾ തിരയുന്ന ആ വ്യക്തിയെ ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങൾ ഇരുവരെയും വീണ്ടും പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്കും അതിയായ സന്തോഷം’ – താജ് ഹോട്ടൽസ് ട്വിറ്ററിൽ കുറിച്ചു. 

വർഷങ്ങൾക്കു മുൻപു ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിനായി താജ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സച്ചിൻ. പരിശീലനത്തിനു ശേഷം സച്ചിൻ മുറിയിലേക്ക് ഒരു കോഫി ആവശ്യപ്പെട്ടു. കോഫിയുമായി എത്തിയ വെയ്റ്റർ താൻ സച്ചിന്റെ വലിയ ആരാധകനാണെന്നും സച്ചിനുമായി ഒരു കാര്യം ചർച്ച ചെയ്യാനുണ്ടെന്നും പറഞ്ഞു. സച്ചിന്റെ ബാറ്റിങ് ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിനു കാരണം സച്ചിൻ കൈമുട്ടിലിടുന്ന പാഡ് (എൽബോ ഗാർഡ്) ആണെന്നും അയാൾ പറഞ്ഞു. വെയ്റ്ററുടെ നിരീക്ഷണം വാസ്തവമാണെന്നു മനസ്സിലായതോടെ പാഡിൽ ചില മാറ്റങ്ങൾ വരുത്തി പഴയ ശൈലിയിലേക്കു മടങ്ങാൻ സച്ചിന് സാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com