റീപ്ലേ കണ്ടല്ല, റിവ്യു നിര്‍ദേശിച്ചത് തേര്‍ഡ് അമ്പയര്‍; ജഡേജയുടെ റണ്‍ഔട്ടില്‍ പുതിയ ട്വിസ്റ്റ് 

ദുബെയ്ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ സിംഗിളിന് ശ്രമിക്കുന്നതിന് ഇടയില്‍ ചേസിന്റെ ഡയറക്റ്റ് ഹിറ്റ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ കുറ്റി ഇളക്കി
റീപ്ലേ കണ്ടല്ല, റിവ്യു നിര്‍ദേശിച്ചത് തേര്‍ഡ് അമ്പയര്‍; ജഡേജയുടെ റണ്‍ഔട്ടില്‍ പുതിയ ട്വിസ്റ്റ് 

ചെന്നൈയില്‍ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആയി രണ്ട് ദിവസം പിന്നിടുമ്പോഴും അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മറ്റൊരു ട്വിസ്റ്റാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓണ്‍ ഫീല്‍ഡ് അമ്പയറായ ഷോണ്‍ ജോര്‍ജ് വിന്‍ഡിസ് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്നല്ല, മറിച്ച്‌ തേര്‍ഡ് അമ്പയറുടെ നിര്‍ദേശ പ്രകാരമാണ് റണ്‍ഔട്ട് റിവ്യുവിന് മുതിര്‍ന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ ഇന്നിങ്‌സിലെ 48ാം ഓവറിലായിരുന്നു സംഭവം. ശിവം ദുബെയ്ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ സിംഗിളിന് ശ്രമിക്കുന്നതിന് ഇടയില്‍ ചേസിന്റെ ഡയറക്റ്റ് ഹിറ്റ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ കുറ്റി ഇളക്കി. എന്നാല്‍ വിന്‍ഡിസ് താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല. പിന്നാലെ റിപ്ലേകളില്‍ ഔട്ട് ആണെന്ന് വ്യക്തമായതോടെ വിന്‍ഡിസ് താരങ്ങള്‍ അപ്പിലൂമായി അമ്പയറുടെ പക്കലെത്തുകയും, അമ്പയര്‍ റിവ്യു വിളിക്കുകയും ചെയ്തു. 

ഗ്രൗണ്ടിന് പുറത്ത് നിന്നുള്ളവരുടെ സഹായത്തോടെയാണ് വിന്‍ഡിസ് താരങ്ങള്‍ ഔട്ട് ആണെന്ന് അറിഞ്ഞതെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍ കോഹ് ലി ഉള്‍പ്പെടെ നിലപാടെടുത്തിരുന്നു. എന്നാല്‍ വിന്‍ഡിസ് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്നല്ല, തേര്‍ഡ് അമ്പയര്‍ റോഡ് ടക്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റണ്‍ ഔട്ടിന് റിവ്യു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. 

റണ്‍ഔട്ട് അല്ലെന്ന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ പറഞ്ഞ നിമിഷം തന്നെ തേര്‍ഡ് അമ്പയര്‍ റിവ്യുവിന് റേഡിയോയിലൂടെ ജോര്‍ജിനോട് നിര്‍ദേശിച്ചു. എല്ലാ മാച്ച് ഒഫീഷ്യല്‍സും ഇത് കേട്ടിരുന്നു. ടിവിയില്‍ റണ്‍ഔട്ടിന്റെ റിപ്ലേ കാണിക്കുന്ന സമയമാണ് തേര്‍ഡ് അമ്പയറുടെ ഈ നിര്‍ദേശവും വന്നത്. 

ജഡേജ ആ സമയം റണ്‍ ഔട്ട് ആയിരുന്നില്ലെങ്കില്‍ 15-20 റണ്‍സ് ഇന്ത്യ അധികം നേടിയേനെ എന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം. അമ്പയറുടെ തീരുമാനം വരുന്ന സമയം ഡ്രസിങ് റൂമില്‍ നിന്ന് പുറത്തേക്കിറങ്ങിയും കോഹ് ലി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ എംസിസി നിയമം അനുസരിച്ച് റണ്‍ഔട്ട് വിധിച്ചതില്‍ തെറ്റില്ല. 

തൊട്ടടുത്ത ഡെലിവറി എറിയുന്നതിന് മുന്‍പ് അവിടെ തീരുമാനം വന്നു. ബൗളര്‍ തങ്ങളുടെ റണ്‍അപ്പ് തുടങ്ങുന്നതിന് മുന്‍പ് തീരുമാനം വരണം എന്നാണ് എംസിസി നിമയം 31.3ല്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com