കുല്‍ദീപിന്റെ ഹാട്രിക്ക് നടുവൊടിച്ചു; വിന്‍ഡീസ് മൂക്കുംകുത്തി വീണു; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
കുല്‍ദീപിന്റെ ഹാട്രിക്ക് നടുവൊടിച്ചു; വിന്‍ഡീസ് മൂക്കുംകുത്തി വീണു; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 107 റണ്‍സിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കാനും ഇന്ത്യക്ക് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ വിന്‍ഡീസിന്റെ മറുപടി 43.3 ഓവറില്‍ 280 റണ്‍സില്‍ അവസാനിച്ചു.

ഹാട്രിക്ക് വിക്കറ്റുകള്‍ നേടി സ്പിന്നര്‍ കുല്‍ദീപ് യാദവാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. 32ാം ഓവറിന്റെ നാലാം പന്തില്‍ ഷായ് ഹോപിനേയും അഞ്ചാം പന്തില്‍ ഹോള്‍ഡറിനേയും ആറാം പന്തില്‍ അല്‍സാരി ജോസഫിനേയും മടക്കിയാണ് കുല്‍ദീപ് കരുത്ത് കാട്ടിയത്. കുല്‍ദീപിന് പുറമെ മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജ രണ്ടും ശാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.  

അര്‍ധ സെഞ്ച്വറികളുമായി ഷായ് ഹോപ് (78), നിക്കോളാസ് പൂരന്‍ (75) എന്നിവര്‍ തിളങ്ങി. കീമോ പോള്‍ (46), എവിയന്‍ ലൂയീസ് (30) എന്നിവരും പിടിച്ചു നിന്നു. മറ്റൊരാള്‍ക്കും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. 47 പന്തില്‍ ആറ് വീതം സിക്‌സും ഫോറും പറത്തിയാണ് പൂരന്‍ 75 റണ്‍സെടുത്തത്.

നേരത്തെ ഓപണര്‍മാരായ രോഹിത് ശര്‍മ (159), കെഎല്‍ രാഹുല്‍ (102) എന്നിവരുടെ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍ (53) നേടിയ അര്‍ധ സെഞ്ച്വറിയും ഋഷഭ് പന്തിന്റെ മിന്നല്‍ ബാറ്റിങിന്റേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിതും രാഹുലും ചേര്‍ന്ന ഓപണിങ് സഖ്യം നിലയുറപ്പിച്ചതോടെ വിന്‍ഡീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ വിന്‍ഡീസിന് 227 റണ്‍സ് വരെ കാക്കേണ്ടി വന്നു. രോഹിതിനൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം രാഹുലാണ് ആദ്യം മടങ്ങിയത്. അല്‍സാരി ജോസഫാണ് രാഹുലിനെ മടക്കി വിന്‍ഡീസിനെ കളിയിലേക്കെത്തിച്ചത്. രണ്ടാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൊള്ളാര്‍ഡ് മടക്കി.

പിന്നീടെത്തിയ ശ്രേയസ് രോഹിതിനെ പിന്തുണച്ചു. സ്‌കോര്‍ 292ല്‍ നില്‍ക്കേ രോഹിതും മടങ്ങി. കരിയറിലെ 28ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് വിശാഖപട്ടണത്ത് നേടിയത്. 2019ല്‍ താരം നേടുന്ന ഏഴാം സെഞ്ച്വറിയുമാണിത്. 138 പന്തില്‍ 17 ഫോറും അഞ്ച് സിക്‌സും സഹിതം 159 റണ്‍സുമായി രോഹിത് മടങ്ങി. ഒരുവേള താരം ഇരട്ട സെഞ്ച്വറി നേടുമെന്ന പ്രതീതിയും ആരാധകര്‍ക്കുണ്ടായി.

103 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുലിന്റെ ശതകം. 102 റണ്‍സുമായി രാഹുല്‍ മടങ്ങി. കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണ് രാഹുല്‍ നേടിയത്.

പിന്നീട് ക്രീസില്‍ ശ്രേയസിനൊപ്പം പന്തെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. കൂറ്റനടികളുമായി ഇരുവരും കളം നിറഞ്ഞു. തുടക്കമിട്ടത് പന്തായിരുന്നു. അല്‍സാരി ജോസഫ് എറിഞ്ഞ 44ാം ഓവറില്‍ പന്ത് രണ്ട് സിക്‌സുകള്‍ പറത്തി. പിന്നീടെറിഞ്ഞ കോട്രലിന്റെ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് പന്ത് അടിച്ചെടുത്തത്.

പന്ത് കത്തിക്കയറിയതോടെ ശ്രേയസും ഉഷാറായി. റോസ്റ്റന്‍ ചെയ്‌സ് എറിഞ്ഞ 46ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറുമാണ് അയ്യര്‍ പറത്തിയത്. ഇരുവരുടേയും മിന്നല്‍ ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.

ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ജാദവ് പത്ത് പന്തില്‍ 16 റണ്‍സെടുത്തു.

വിന്‍ഡീസിനായി കോട്രെല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പൊള്ളാര്‍ഡ്, അല്‍സാരി ജോസഫ്, കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com