ഇന്ത്യയെ വെല്ലും ടോപ് ഫോര്‍? ചരിത്ര നേട്ടവുമായി പാകിസ്ഥാന്‍, എത്തിയത് ഇന്ത്യയ്‌ക്കൊപ്പം

മസൂദ് മടങ്ങിയപ്പോള്‍ ക്രീസിലേക്കെത്തിയ അസ്ഹര്‍ അലി തിരികെ മടങ്ങിയത് 118 റണ്‍സ് നേടിയ ശേഷം
ഇന്ത്യയെ വെല്ലും ടോപ് ഫോര്‍? ചരിത്ര നേട്ടവുമായി പാകിസ്ഥാന്‍, എത്തിയത് ഇന്ത്യയ്‌ക്കൊപ്പം

കറാച്ചി: ലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത് പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍. മുന്‍ നിരയിലെ നാല് ബാറ്റ്‌സ്മാന്മാരും ഒരിന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യയുടെ റെക്കോര്‍ഡിന് ഒപ്പമെത്തുകയാണ് പാകിസ്ഥാന്‍. 

ലങ്കയെക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ടോപ് 4 ബാറ്റ്‌സ്മാന്മാരുടെ സെഞ്ചുറി കരുത്തില്‍ 555 റണ്‍സ് എടുത്ത് പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തു. പാക് ഓപ്പണര്‍ ഷാന്‍ മസൂദ് 135 റണ്‍സ് നേടിയപ്പോള്‍ അബിദ് അലി തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്കെത്തി. 174 റണ്‍സാണ് അബിദ് അലി സ്‌കോര്‍ ചെയ്തത്. അബിദും മസൂദും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 278 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. 

മസൂദ് മടങ്ങിയപ്പോള്‍ ക്രീസിലേക്കെത്തിയ അസ്ഹര്‍ അലി തിരികെ മടങ്ങിയത് 118 റണ്‍സ് നേടിയ ശേഷം, പിന്നാലെ ബാബര്‍ അസം 100ലേക്ക് എത്തി. ബാബര്‍ സെഞ്ചുറി കണ്ടെത്തിയതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍ നിരയിലെ നാല് ബാറ്റ്‌സ്മാന്മാര്‍ ഒരു ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ടീമായി പാകിസ്ഥാന്‍. 

ഇന്ത്യയാണ് പാകിസ്ഥാന് മുന്‍പ് ഈ നേട്ടത്തിലേക്കെത്തിയത്. 2007ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു അത്. വസിം ജാഫര്‍, ദിനേശ് കാര്‍ത്തിക്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ എന്നിവരാണ് അന്ന് സെഞ്ചുറി നേടിയത്. 

രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 475 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ദിനം രണ്ടാം സെഷനിലേക്ക് കളി എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 271 റണ്‍സിന് അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com