'ധോനിസത്തിന്റെ 15 വര്‍ഷങ്ങള്‍'; വെടിക്കെട്ട് ബാറ്റിങില്‍ നിന്ന് ക്യാപ്റ്റന്‍ കൂളിലേക്ക് വളര്‍ന്ന 'തല'

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി
'ധോനിസത്തിന്റെ 15 വര്‍ഷങ്ങള്‍'; വെടിക്കെട്ട് ബാറ്റിങില്‍ നിന്ന് ക്യാപ്റ്റന്‍ കൂളിലേക്ക് വളര്‍ന്ന 'തല'

മുംബൈ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് നീട്ടി വളര്‍ത്തിയ മുടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നു വന്ന് ലോക ക്രിക്കറ്റില്‍ തന്നെ ഓളങ്ങള്‍ തീര്‍ത്ത മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലാണ് ഇന്ത്യക്കായി ധോനി ആദ്യമായി കളത്തിലിറങ്ങിയത്. 

സൗരവ് ഗാംഗുലി നായകനായിരിക്കുമ്പോഴാണ് ധോനിയുടെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ ഏകദിന പോരാട്ടത്തിലാണ് ധോനി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു തലയുടെ യോഗം. ഇന്ത്യ 11 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ധോനി റണ്ണൗട്ടാവുകയായിരുന്നു. 

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അരങ്ങേറിയ ധോനിക്ക് പക്ഷേ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല. മൂന്ന് മത്സരങ്ങളില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

2005ല്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ സൗരവ് ഗാംഗുലി ധോനിയെ മൂന്നാമനായി ഇറക്കി. 123 പന്തില്‍ 148 റണ്‍സെടുത്ത് ധോനി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ജൈത്ര യാത്രയ്ക്ക് അവിടെ തുടക്കമിട്ടു. 

പിന്നീട് ധോനി ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനായി വളരുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. ഇന്ത്യക്ക് ടി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ കൂളായി  അദ്ദേഹം മാറി. നായകനെന്ന നിലയില്‍ ധോനിക്ക് മാത്രം സ്വന്തമായി ഒരു അപൂര്‍വ റെക്കോര്‍ഡുമുണ്ട്. ഐസിസിയുടെ മൂന്ന് മേജര്‍ ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോനി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി. 

ഇക്കഴിഞ്ഞ ലോകകപ്പിന് ശേഷം ധോനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങിയിട്ടില്ല. ഇന്ത്യക്കായി ധോനി വീണ്ടും കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com