'ബാറ്റ് ചെയ്യുന്നത് ഞാന്‍ മറന്നു പോയിട്ടില്ല, ക്ലാസ് സ്ഥിരമാണ്'; ആശങ്കകള്‍ക്കിടയില്‍ ശിഖര്‍ ധവാന്‍ 

രാഹുല്‍ നന്നായി കളിച്ചു എന്നത് എനിക്ക് സന്തോഷം നല്‍കുന്നു. അവസരം മുതലാക്കാന്‍ രാഹുലിനായി. ഇനി ഞാന്‍ എന്റെ കളി പുറത്തെടുക്കാന്‍ പോവുകയാണ്
'ബാറ്റ് ചെയ്യുന്നത് ഞാന്‍ മറന്നു പോയിട്ടില്ല, ക്ലാസ് സ്ഥിരമാണ്'; ആശങ്കകള്‍ക്കിടയില്‍ ശിഖര്‍ ധവാന്‍ 

രിക്കുകള്‍ നിറഞ്ഞ വര്‍ഷമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് 2019. ലോകകപ്പിനിടെ വിരലിനേറ്റ പരിക്ക്, പിന്നാലെ കണ്ണിന്, കഴുത്തിന്, ഒടുവില്‍ കാല്‍ മുട്ടിന്...പരിക്കുകള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്ന് ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതോടെ പ്ലേയിങ് ഇലവനിലെ തന്റെ സ്ഥാനം പോവുമെന്ന ഭീഷണിയും ധവാന് മുന്‍പിലേക്കെത്തുന്നു. എന്നാല്‍ ബാറ്റ് ചെയ്യുക എങ്ങനെയെന്ന് താന്‍ മറന്നിട്ടില്ലെന്ന് പറഞ്ഞാണ് ഈ ആശങ്കകളെയെല്ലാം ധവാന്‍ തള്ളുന്നത്. 

ഞാന്‍ ബാറ്റ് ചെയ്യുന്നത് മറന്നിട്ടില്ല. ഇതെനിക്ക് പുതിയ തുടക്കമാണ്. ആദ്യം വിരലില്‍, പിന്നെ കഴിത്തില്‍, കണ്ണില്‍, പിന്നെ കാല്‍മുട്ടില്‍. പുതുവര്‍ഷം വരുന്നു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. രാഹുല്‍ നന്നായി കളിച്ചു എന്നത് എനിക്ക് സന്തോഷം നല്‍കുന്നു. അവസരം മുതലാക്കാന്‍ രാഹുലിനായി. ഇനി ഞാന്‍ എന്റെ കളി പുറത്തെടുക്കാന്‍ പോവുകയാണ്...ധവാന്‍ പറയുന്നു. 

പരിക്കുകള്‍ പറ്റുക സ്വാഭാവികമാണ്. നമ്മളത് അംഗീകരിക്കണം. ഞാന്‍ അത് വലിയ കാര്യമായി കാണുന്നില്ല. ബാറ്റ് ചെയ്യുന്നത് മറന്നിട്ടില്ലാത്തതിനാല്‍ ബ്രേക്ക് വരുന്നത് എന്നെ ബാധിക്കുന്നില്ല. എന്നിലെ ക്ലാസ് സ്ഥിരമാണ്. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും ധവാന്‍ പറഞ്ഞു. 

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമിലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമിലും ധവാനെ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരെ മികവ് കാട്ടുകയാണ് എന്റെ ലക്ഷ്യം. ടീം സെലക്ഷന്‍ എന്നത് ടീം മാനേജ്‌മെന്റിന്റെ തലവേദനയാണ്. അവര്‍ അവരുടെ ജോലി ചെയ്യട്ടെ. ഞാന്‍ എന്റേയും ചെയ്യാം. ഉയര്‍ന്ന സ്‌കോറുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ധവാന്‍ പറഞ്ഞു. 

മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് ചെയ്യുകയാണ് എന്റെ ലക്ഷ്യം. തോല്‍വികളുടെ പേരില്‍ ഞാന്‍ ഒളിച്ചു പോവില്ല. കാല്‍ മുട്ടിലെ മുറിവ് ആഴമേറിയതായിരുന്നു. ആദ്യ 20 ദിവസം എനിക്ക് നടക്കാന്‍ സാധിച്ചില്ല. പുതിയ അറിവുകള്‍ നേടാനുള്ള അവസരമാണ് ഇതെല്ലാം. വിമര്‍ശകരുടെ പ്രതികരണങ്ങള്‍ ഒരിക്കലും എന്നെ അസ്വസ്ഥപ്പെടുത്താറില്ല. എന്റെ മനസിനറിയാം ഞാന്‍ എന്റെ ഏറ്റവും മികച്ചത് കാഴ്ചവയ്ക്കാനാണ് ശ്രമിച്ചതെന്ന്. എന്റെ ഏറ്റവും മികച്ചത് ആ സാഹചര്യത്തിന് വേണ്ടത്ര അല്ലെങ്കില്‍ എനിക്കത് പ്രശ്‌നമില്ല, ഞാന്‍ അത് അംഗീകരിക്കുന്നു. ധവാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com