ഒരു പാക് താരത്തെ പോലും ക്ഷണിക്കില്ല; ഏഷ്യാ-ലോക ഇലവന്‍ ട്വന്റി20 പോരില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ബംഗ്ലാദേശ് സംഘടിപ്പിക്കുന്ന ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ പോരില്‍ പാക് കളിക്കാര്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ
ഒരു പാക് താരത്തെ പോലും ക്ഷണിക്കില്ല; ഏഷ്യാ-ലോക ഇലവന്‍ ട്വന്റി20 പോരില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ബംഗ്ലാദേശ് സംഘടിപ്പിക്കുന്ന ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ പോരില്‍ പാക് കളിക്കാര്‍ ഉണ്ടാവില്ലെന്ന് ബിസിസിഐ. ഏഷ്യാ ഇലവനില്‍ പാകിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കുകയാണ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. 

ഷെയ്ക് മുജിബുര്‍ റഹ്മാന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യാ ഇലവന്‍-ലോക ഇലവന്‍ ട്വന്റി20 പോര് സംഘടിപ്പിക്കുന്നത്. ഇതിന് ഐസിസിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഏഷ്യാ ഇലവനില്‍ ഇന്ത്യന്‍ കളിക്കാര്‍ക്കൊപ്പം പാക് താരങ്ങള്‍ കളിക്കുമോ എന്ന ചോദ്യമാണ് ഇതിനിടയില്‍ ഉയര്‍ന്നത്. 

ഇന്ത്യന്‍, പാക് താരങ്ങള്‍ ഒരുമിച്ച് ഏഷ്യാ ഇലവനില്‍ കളിക്കുന്ന സാഹചര്യം വരില്ല. കാരണം ഏഷ്യന്‍ പ്ലേയിങ് ഇലവനിലേക്ക് ഒരു പാക് ക്രിക്കറ്റ് താരത്തേയും ക്ഷണിക്കുന്നില്ല എന്നാണ് നമ്മള്‍ മനസിലാക്കുന്നത്. ഇരു ടീം അംഗങ്ങളും ഒരുമിച്ച് കളിക്കില്ല. ഏഷ്യാ ഇലവന് വേണ്ടി കളിക്കുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഗാംഗുലി തെരഞ്ഞെടുക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് ജയേഷ് ജോര്‍ജ് പറഞ്ഞു. 

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പ്രതികരണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളേക്കാള്‍ മോശമാണ് ഇന്ത്യയിലേത് എന്നായിരുന്നു പിസിബി തലവന്‍ എഹ്‌സാന്‍ മാണിയുടെ വാക്കുകള്‍. പാകിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഇവിടേക്ക് വരാന്‍ തയ്യാറാവാത്തവരാണ് എന്തുകൊണ്ട് പാകിസ്ഥാന്‍ സുരക്ഷിതമല്ല എന്ന് തെളിയിക്കേണ്ടത്. പാകിസ്ഥാനിലേതിനേക്കാള്‍ സുരക്ഷാ പ്രശ്‌നങ്ങളാണ് ഇന്ത്യയിലേത്, എഹ്‌സാന്‍ മാണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com