ട്വന്റി20 ലോക കിരീടം ഓസ്‌ട്രേലിയയ്ക്ക്! ഐപിഎല്ലില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്! 2020 കാത്തിരിക്കുന്ന തലക്കെട്ടുകള്‍

ഈ വര്‍ഷം തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അടിക്കടി ഉയരാന്‍ സാധ്യതയുള്ള രണ്ട് ചോദ്യങ്ങളുണ്ട്...ഐപിഎല്‍ കിരീടം ആരുയര്‍ത്തും? ഓസ്‌ട്രേലിയയില്‍ ആരാവും ആ കിരീടത്തില്‍ മുത്തമിടുക?
ട്വന്റി20 ലോക കിരീടം ഓസ്‌ട്രേലിയയ്ക്ക്! ഐപിഎല്ലില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്! 2020 കാത്തിരിക്കുന്ന തലക്കെട്ടുകള്‍

തിലും ആഘോഷമായി ക്രിക്കറ്റ് പ്രേമികള്‍ക്ക് പുതിയ പതിറ്റാണ്ട് തുടങ്ങാനാവുമോ? ആദ്യം ഐപിഎല്‍, പിന്നാലെ ഓസ്‌ട്രേലിയന്‍ മണ്ണിലെ ട്വന്റി20 ലോകകപ്പ്. കുട്ടിക്രിക്കറ്റ് പൂരത്തിന്റെ ആവേശ കാഴ്ചകളാണ് ക്രിക്കറ്റ് പ്രേമികളുടെ മുന്‍പിലേക്കെത്താനിരിക്കുന്നത്. 

ഈ വര്‍ഷം തുടങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അടിക്കടി ഉയരാന്‍ സാധ്യതയുള്ള രണ്ട് ചോദ്യങ്ങളുണ്ട്...ഐപിഎല്‍ കിരീടം ആരുയര്‍ത്തും? ഓസ്‌ട്രേലിയയില്‍ ആരാവും ആ കിരീടത്തില്‍ മുത്തമിടുക? ഒരു ഡെലിവറിയില്‍ മത്സരത്തിന്റെ ഗതി തിരിയാം ട്വന്റി20യില്‍. അവിടെ ആര് ജയിക്കും എന്ന് പ്രവചിക്കുക ഞാണിന്‍മേല്‍ കളിയാണ്. 

16 ടീമുകളാണ് ട്വന്റി20 ലോകകപ്പ് കളിക്കാനെത്തുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്ക് ഒരേപോലെയാണ് സാധ്യതകള്‍. അപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസോ? ഇങ്ങനെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നവംബര്‍ 15ന് മെല്‍ബണില്‍ അറിയാം. കടലാസിലെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഓസ്‌ട്രേലിയ എന്ന ഉത്തരമാവും ലഭിക്കുക...

ആതിഥേയര്‍ക്ക് അനുകൂലമാണ് എല്ലാം....

ട്വന്റി20 ലോക കിരീടത്തില്‍ ഇതുവരെ മുത്തമിട്ടിട്ടില്ല ഓസ്‌ട്രേലിയ. സ്വന്തം മണ്ണില്‍ പോരിനിറങ്ങുമ്പോള്‍ കിരീടം നേടാന്‍ ഓസ്‌ട്രേലിയ എല്ലാ അടവും പയറ്റുമെന്ന് വ്യക്തം. 2010ല്‍ മാത്രമാണ് ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. അന്ന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു വിട്ടു. 

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആതിഥേയത്വം വഹിച്ച രാജ്യങ്ങള്‍ക്ക് സ്വന്തം മണ്ണില്‍ വെച്ച് കിരീടം ഉയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ലോക ട്വന്റി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയയുടെ സ്ഥാനമിപ്പോള്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ മറ്റ് ടീമുകള്‍ ബുദ്ധിമുട്ട് നേരിടാന്‍ കാരണമേറെയാണ്. വലിയ ഗ്രൗണ്ടുകള്‍ മറ്റ് ടീമുകളെ വലയ്ക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് അത് അനുഗ്രഹമാണ്. 

അത്രയും വലിയ ഗ്രൗണ്ടിലും ബൗണ്ടറി തൊടാന്‍ പാകത്തില്‍ ഷോട്ടുതിര്‍ക്കാന്‍ പാകത്തിലും, ക്വിക്ക് സിംഗിളുകളുമായി കളം നിറയാന്‍ പാകത്തിലും ബാറ്റ്‌സ്മാന്മാര്‍ ഓസീസിനുണ്ട്. ട്വന്റി20യില്‍ മുഖ്യ ഘടകമാണ് ഫീല്‍ഡിങ്. ഡീപ്പ് പോയിന്റുകളില്‍ നിന്ന് ഫ്‌ലാറ്റ്, ഹാര്‍ഡ് ത്രോകള്‍ മറ്റ് ടീമുകളുടേതിനേക്കാള്‍ മികവോടെ ഓസീസ് ഫീല്‍ഡര്‍മാര്‍ക്ക് സാധിക്കും. 

ഫിഞ്ചും, വാര്‍ണറും തീര്‍ക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട്, പാറ്റ് കമിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും നയിക്കുന്ന പേസ് നിര. താളം കണ്ടെത്തിയാല്‍ ഏത് ബാറ്റിങ് നിരയേയും സ്റ്റാര്‍ക്ക് വീഴ്ത്തും. ഇവര്‍ക്കൊപ്പം റിച്ചാര്‍ഡ്‌സനും, ബില്ലി സ്റ്റാന്‍ലേക്കും ചേരുമ്പോള്‍ കിരീടം ഉയര്‍ത്താന്‍ മാത്രം ശക്തമാവുന്നു ഓസീസ്.

കിരീടം നിലനിര്‍ത്താന്‍ കൂറ്റനടിക്കാര്‍...

നിലവിലെ ചാമ്പ്യന്മാരെ എടുത്താല്‍ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് നിലവില്‍ വിന്‍ഡിസ്. എങ്കിലും എത്രമാത്രം അപകടകാരികളായ ട്വന്റി20 ടീമാണ് അവരുടേതെന്ന് വ്യക്തം. 2012ലും, 2016ലും കുട്ടി ക്രിക്കറ്റിലെ കരുത്ത് കിരീടം ഉയര്‍ത്തി വിന്‍ഡിസ് പട തെളിയിച്ചു.

ഏകദിന ലോകകപ്പില്‍ പരാജയമായിരുന്നെങ്കിലും, ട്വന്റി20 റാങ്കിങ്ങില്‍ 10 സ്ഥാനത്താണെങ്കിലും ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിന്‍ഡിസ് സംഘത്തിന് നാശം വിതയ്ക്കാനുള്ള പ്രാപ്തിയുണ്ട്. പ്രത്യേകിച്ച് പൊള്ളാര്‍ഡിന് കീഴില്‍ വിന്‍ഡിസ് ശക്തി കാണിച്ചു വരുമ്പോള്‍.  

ട്വന്റി20 ലോകകപ്പും വേണം ഇംഗ്ലണ്ടിന്‌

മോര്‍ഗന് കീഴില്‍ ട്വന്റി20യിലും ഇംഗ്ലണ്ട് മികവ് കാണിക്കുന്നു. പേസ്, ഓള്‍റൗണ്ട്, ബാറ്റിങ് മികവ് ഓസ്‌ട്രേലിയയിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ടിനെ ഫേവറിറ്റുകളാക്കുന്നു. 2019 നവംബറില്‍ നടന്ന ഇംഗ്ലണ്ട്-കീവീസ് ട്വന്റി20 പരമ്പര നോക്കിയാല്‍ വ്യക്തമാവും ഇംഗ്ലണ്ടിന്റെ കരുത്ത്. 

അഞ്ച് ട്വന്റി20കളില്‍ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2-1ന് പിന്നിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ 3-2ന് ഇംഗ്ലണ്ട് ആ പരമ്പര സ്വന്തമാക്കി. പരമ്പര വിജയം നിര്‍ണയിച്ച അഞ്ചാം ട്വന്റി20യില്‍ ലോകകപ്പ് ഫൈനലിനെ ഓര്‍മിപ്പിച്ച് ഇഞ്ചോടിഞ്ച് കീവീസും ഇംഗ്ലണ്ടും കട്ടയ്ക്ക് നിന്നു. അവിടെ സൂപ്പര്‍ ഓവറിലെ കൂറ്റനടികള്‍ക്കുള്ള കരുത്ത് ഒരിക്കല്‍ കൂടി ഇംഗ്ലണ്ട് തെളിയിച്ചു. 

2010ല്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ടവരാണ് ഇംഗ്ലണ്ട്. ട്വന്റി20 ലോകകപ്പിന് മുന്‍പ് സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകളുമായാണ് ഇംഗ്ലണ്ടിന് ട്വന്റി20 പരമ്പരയുള്ളത്. ട്വന്റി20 ലോകകപ്പില്‍ എന്താണ് ഇംഗ്ലണ്ടില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്നത് ഈ പരമ്പരകളില്‍ നിന്ന് വ്യക്തമാകും. 

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്...? 

2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ജയിച്ചതിന് ശേഷം ഐസിസി കിരീടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. ലോക ക്രിക്കറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാണിക്കണം എന്ന് ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ ഗാംഗുലി പറഞ്ഞു കഴിഞ്ഞു. 

ട്വന്റി20 ബാറ്റിങ് റാങ്കില്‍ അഞ്ചാമതാണ് ഇന്ത്യ. ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ തുടരെ ട്വന്റി20 പരമ്പര ഇന്ത്യ നേടി. പക്ഷേ അതിന് മുന്‍പ് ഓസ്‌ട്രേലിയയോട് സ്വന്തം മണ്ണില്‍ വെച്ച് 2-0നും, ന്യൂസിലാന്‍ഡില്‍ വെച്ച് കീവീസിനോട് 3-1നും തോറ്റിരുന്നു. ഓസ്‌ട്രേലിയയില്‍ ട്വന്റി20 കളിച്ചപ്പോഴാവട്ടെ 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇതിന്റെയെല്ലാം ആശങ്ക ഇന്ത്യയ്ക്ക് മേലുണ്ടെങ്കിലും ഫേവറിറ്റുകളാണ് ഇന്ത്യയും. 

....

മുംബൈ ഇന്ത്യന്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ? അതോ ആദ്യമായി ലോക കിരീടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എത്തുന്ന വര്‍ഷമാണോ 2020? അതല്ലെങ്കില്‍ യുവനിരയുടെ കരുത്തുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ 13ാം സീസണില്‍ കിരീടത്തില്‍ മുത്തമിടുമോ? 

എത്ര കൂട്ടിയും കിഴിച്ചും നോക്കിയാലും എന്തും സംഭവിക്കാന്‍ സാധ്യതയുള്ള ഐപിഎല്ലില്‍ വ്യക്തമായ ഉത്തരം പറയാനാവില്ല. പക്ഷേ കടലാസില്‍ മുംബൈ ഇന്ത്യന്‍സിനാണ് സാധ്യത. 

ടീം കോമ്പിനേഷന്‍

ഐപിഎല്‍ ലേലം കഴിഞ്ഞതോടെ ടീം കോമ്പിനേഷനുകള്‍ വെച്ച് അളക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് എന്നിവരാണ് ശക്തര്‍. ഇന്ത്യന്‍, വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പരിഗണിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റ് ടീമുകള്‍ക്ക് മുകളില്‍ മുന്‍തൂക്കമുണ്ട്. 

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം

എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന് തോന്നിയിട്ടുണ്ടോ? വലിയ വില കൊടുത്ത് അമിത് മിശ്രയെ ഈ കഴിഞ്ഞ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കി. കാരണം ചെന്നൈയുടെ ഹോം ഗ്രൗണ്ട് തന്നെയാണ്. എന്തുകൊണ്ട് മുംബൈ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നതിലെ ഉത്തരവും അത് തന്നെ. 

14 കളിയില്‍ ഏഴും കളിക്കുന്നത് സ്വന്തം തട്ടകത്തിലാണ്. ഹോം കണ്ടീഷനിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിനെ നിരത്തുക എന്നത് നിര്‍ണായകമാണ്. അത് വെച്ച് നോക്കുമ്പോള്‍ ചെന്നൈ, മുംബൈ ടീമുകള്‍ക്കാണ് ഐപിഎല്‍ 2020ല്‍ മുന്‍തൂക്കം. മുന്‍ സീസണുകളില്‍ ഈ രണ്ട് ടീമുകളുടെ ജയത്തിലും നിര്‍ണായകമായ ഘടകങ്ങളിലൊന്ന് ഇതാണ്. ആര്‍സിബിയും, ഡല്‍ഹിയും, രാജസ്ഥാനും കുഴങ്ങുന്നതിനുള്ള കാരണങ്ങളിലൊന്നും. 

എവേ മത്സരങ്ങളിലെ ശക്തി

എവേ മത്സരങ്ങളില്‍ ജയം പിടിക്കുന്നതിലും കഴിഞ്ഞ സീസണുകളില്‍ ചെന്നൈ, മുംബൈ, സണ്‍റൈസേഴ്‌സ് ടീമുകളാണ് മികവ് കാട്ടിയത്. ടൂര്‍ണമെന്റ് ജയിക്കാന്‍ സ്വന്തം തട്ടകത്തിന് പുറത്തെ ശക്തി നിര്‍ണായകമാണ്. 

നായകത്വം

4 ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കി രോഹിത് ശര്‍മയാണ് നേട്ടങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നത്. പക്ഷേ ധോനിയുടെ തന്ത്രങ്ങള്‍ രോഹിത്തിന് മേലെ നില്‍ക്കും. നായകത്വത്തില്‍ വില്യംസണാണ് എടുത്ത് പറയേണ്ട മറ്റൊരു പേര്. 

ലസിത് മലിംഗ, ബൂമ്ര, പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ ചുറ്റിയാണ് കഴിഞ്ഞ കുറച്ച് സീസണുകളിലായി മുംബൈയുടെ പോക്ക്. യുവതാരങ്ങള്‍ക്ക് രോഹിത് പരിഗണന നല്‍കുന്നു. ധോനിയുടേയും, വില്യംസണിന്റേയും തന്ത്രങ്ങളാണ് അവരുടെ ടീമുകളുടെ ഏറ്റവും വലിയ ശക്തി. വയസന്‍ പടയെ വെച്ച് ധോനിയും, വമ്പന്‍ പേരുകളില്ലാതെ സണ്‍റൈസേഴ്‌സും മുന്നേറിയത് ഇതിന് തെളിവാണ്. 

പൊസിഷന്‍ അനുസരിച്ച് കളിക്കാരെ കണ്ടെത്തല്‍

ഈ സീസണിലെ മുംബൈയുടെ ടീം ഫോര്‍മേഷനും പ്രശംസനീയമാണ്. ക്രിസ് ലിന്നിനെ സ്വന്തമാക്കിയതിന് ശേഷം നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ വേണ്ടി താര ലേലത്തില്‍ മുംബൈ പോരിനിറങ്ങി. കോള്‍റ്റര്‍, ബോള്‍ട്ട് എന്നിവരെ സ്വന്തമാക്കിയതിലൂടെ ഐപിഎല്‍ ടീമുകളിലെ മികച്ച പേസ് നിരയാണ് മുംബൈയുടേത്. 

ഹെറ്റ്മയറെ വലിയ വില കൊടുത്ത് സ്വന്തമാക്കിയ ഡല്‍ഹിയുടെ തന്ത്രമാണ് ഇവിടെ ഫ്‌ലോപ്പാവാന്‍ സാധ്യതയുള്ളത്. ജാസന്‍ റോ, ധവാന്‍, രഹാനെ, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, പന്ത് എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാമതായാവും ഹെറ്റ്മയറിന് ഇറങ്ങാനാവുക. എന്നാല്‍ റസലിനെ പോലെ ഒരു ഫിനിഷറല്ല ഹെറ്റ്മയര്‍. പൊസിഷന്‍ നോക്കാതെ കളിക്കാരെ സ്വന്തമാക്കിയതിന് ഉദാഹരണമാണ് ഇത്. 

ഒറ്റ നോട്ടത്തില്‍ തന്നെ മുംബൈയുടെ പ്ലേയിങ് ഇലവനെ നമുക്ക് പറയാം. രോഹിത് ശര്‍മ, ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബോള്‍ട്ട്, മലിംഗ, രാഹുല്‍ ചഹര്‍, ബൂമ്ര...ഈ പ്ലേയിങ് ഇലവന്റെ പോരായ്മ കണ്ടെത്തുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാവും. 

ഇതിനൊപ്പം ബെഞ്ചിലിരിക്കുന്ന ക്വാളിറ്റി നിരയും മുംബൈയുടെ കരുത്താണ്. കോല്‍ട്ടര്‍ നെയ്ല്‍, ക്രിസ് ലിന്‍, റുതര്‍ഫോര്‍ഡ്, മിച്ചല്‍ മക് ക്ലെനാഗന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെ നോക്കണം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com