ആഗ്രഹിച്ചത് ഡാന്‍സറാകുവാന്‍; ഇപ്പോള്‍ 200 ഏകദിനം കളിക്കുന്ന ആദ്യ വനിതാ, നേട്ടങ്ങളുടെ കൊടുമുടിയില്‍ മിതാലി രാജ്‌

1999ലായിരുന്നു മിതാലി ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യം ഇറങ്ങുന്നത്. അന്ന് 114 റണ്‍സ് അടിച്ചു കൂട്ടി ടീമിന് 161 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു
ആഗ്രഹിച്ചത് ഡാന്‍സറാകുവാന്‍; ഇപ്പോള്‍ 200 ഏകദിനം കളിക്കുന്ന ആദ്യ വനിതാ, നേട്ടങ്ങളുടെ കൊടുമുടിയില്‍ മിതാലി രാജ്‌

മറ്റൊരു നേട്ടം കൂടി പിന്നിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക മിതാലി രാജ്. ന്യുസിലാന്‍ഡിനെതിരായ മൂന്നാം എകദിനത്തിനായി ഇറങ്ങിയതോടെ 200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മിതാലി. ലോക വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ തന്നെ ഈ മുപ്പത്തിയഞ്ചുകാരി സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് 200 ഏകദിനങ്ങള്‍ എന്ന നേട്ടമെത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഐസിസി വുമണ്‍സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടം മിതാലി തന്റെ പേരിലാക്കിയത്. ഇംഗ്ലണ്ടിന്റെ മുന്‍ നായിക കാര്‍ലറ്ര് എഡ്വാര്‍ഡ്‌സിനെയാണ് മിതാലി ഇവിടെ പിന്നിലാക്കിയത്. 191 ഏകദിനങ്ങളാണ് കാര്‍ലറ്റ് 19 വര്‍ഷം നീണ്ട തന്റെ കരിയറില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. 

1999ലായിരുന്നു മിതാലി ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യം ഇറങ്ങുന്നത്. അന്ന് 114 റണ്‍സ് അടിച്ചു കൂട്ടി ടീമിന് 161 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചു. 20 വര്‍ഷം നീണ്ട കരിയറില്‍ 6,622 റണ്‍സ് നേടി ലോക വനിതാ ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് മിതാലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വട്ടം ടീമിനെ നയിച്ചിരിക്കുന്നതിന്റെ റെക്കോര്‍ഡും മിതാലിക്ക് തന്നെ. 123 ഏകദിന മത്സരങ്ങളിലാണ് മിതാലി ഇന്ത്യയെ നയിച്ചത്. രണ്ടാമതുള്ള കാര്‍ലറ്റ് ഇംഗ്ലണ്ടിനെ നയിച്ചത് 117 വട്ടം. 

ഏഴ് സെഞ്ചുറികളും, 52 അര്‍ധ ശതകവുമാണ് മിതാലിയുടെ പേരിലുള്ളത്. ഇത്രയും വട്ടം വനിതാ ക്രിക്കറ്റില്‍ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്ന ഏക താരവും മിതാലി തന്നെ. കുട്ടിക്കാലത്ത് ഡാന്‍സറാകുവാനായിരുന്നു മിതാലിയുടെ ആഗ്രഹം. പക്ഷേ മിതാലിയുടേയും അമ്മയുടേയും ആഗ്രഹം മറികടന്ന്, ക്രിക്കറ്റിലേക്ക് മിതാലിയെ പിതാവ് എത്തിക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് മിതാലി ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ട് ഏകദിനങ്ങളില്‍ തുടര്‍ ജയം നേടി മിതാലി ഇന്ത്യയ്ക്ക് പരമ്പര നേടിത്തരികയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com