പ്രണയം നീണ്ടത് പതിനാല് വര്‍ഷം, ഒടുവില്‍ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് നദാല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന് മുന്നില്‍ വീണതിന് തൊട്ടുപിന്നാലെയാണ് മരിയയുമായുള്ള വിവാഹത്തിന് നദാലിന്റെ ഒരുക്കം
പ്രണയം നീണ്ടത് പതിനാല് വര്‍ഷം, ഒടുവില്‍ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് നദാല്‍

ടെന്നീസ് കോര്‍ട്ടിനോടുള്ള പ്രണയത്തിനൊപ്പം മരിയ ഫ്രാന്‍സിസ്‌ക പെരെല്ലയുമുണ്ടായിരുന്നു 17 വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട ടെന്നീസ് സൂപ്പര്‍ താരം റാഫേല്‍ നദാലിന്റെ മനസില്‍. 14 വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ മരിയയെ നദാല്‍ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന് മുന്നില്‍ വീണതിന് തൊട്ടുപിന്നാലെയാണ് മരിയയുമായുള്ള വിവാഹത്തിന് നദാലിന്റെ ഒരുക്കം. 

നദാല്‍ ടെന്നീസ് താരമായി ഉയരുന്നതിന് മുന്‍പേ ഇരുവര്‍ക്കും അടുത്തറിയാം. പക്ഷേ പ്രണയത്തിലാവുന്നത് 2005ലാണ്. ഈ വര്‍ഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇരുവരും റോമില്‍ ഒഴിവ് ദിവസം ആഘോഷിക്കുമ്പോഴാണ് തന്റെ ജീവിതത്തിലേക്ക് സെസ്‌ക എന്ന വിളിപ്പേരുള്ള മരിയയെ നദാല്‍ ക്ഷണിച്ചതെന്നാണ് സ്പാനിഷ് മാഗസില്‍ ഹോളയുടെ വെളിപ്പെടുത്തല്‍. 

ബിസിനസില്‍ ബിരുദമുള്ള സെസ്‌ക ഇപ്പോള്‍ നദാലിന്റെ ടെന്നീസ് അക്കാദമിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായെങ്കിലും ഇരുവരും പൊതുമധ്യത്തില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ അവര്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com