ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വനിതകളും വീണു, 149 റണ്‍സിന് ഓള്‍ഔട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2019 10:01 AM  |  

Last Updated: 01st February 2019 10:01 AM  |   A+A-   |  

women

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. 44 ഓവറില്‍ 149 റണ്‍സിന് ഇന്ത്യന്‍ ടീം ഓള്‍ ഔട്ടായി. 52 റണ്‍സ് എടുത്ത ദീപ്തി ശര്‍മ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ടീമിനെ ജയത്തിലേക്ക് എത്തിച്ച സ്മൃതി മന്ദാന ഒരു റണ്‍സിന് പുറത്തായി. 

ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരികയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കീവീസ് പേസര്‍ അന്ന പിറ്റേഴ്‌സനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹുഹുവുമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ദീപ്തി ശര്‍മയും ഹര്‍മന്‍പ്രീതും തമ്മില്‍ തീര്‍ത്ത ചെറിയ കൂട്ടുകെട്ടാണ് പുരുഷ ടീം നേരിട്ടത് പോലുള്ള നാണക്കേടില്‍ നിന്നും ഇന്ത്യന്‍ വനിതാ സംഘത്തെ രക്ഷിച്ചത്.

ഹാമില്‍ട്ടണില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് നാലാം ഏകദിനത്തില്‍ ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ബോള്‍ട്ട് നേതൃത്വം നല്‍കിയ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനാവാതെ ഇന്ത്യ വീഴുകയായിരുന്നു. വനിതാ ടീം ഹാമില്‍ട്ടണിലേക്ക് എത്തിയപ്പോഴും സ്ഥിതി മാറിയില്ല. കീവീസ് പേസര്‍മാര്‍ ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് 150ന് അടുത്തേക്ക് എത്തിക്കാനെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്കായി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ആധികാരിക ജയം നേടി ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.